കോട്ടയം: ജയിലിൽ നിന്നിറങ്ങിയ ദിവസം തന്നെ ഗുണ്ടാപിരിവ് ചോദിച്ചെത്തി വീട് അടിച്ചു തകർത്ത ശേഷം ഒളിവിൽ പോയ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ (30) ഗുണ്ടാ ആക്‌ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ മാസം 24 ന് ജാമ്യത്തിലിറങ്ങിയ അന്ന് തന്നെ പള്ളത്ത് ഗുണ്ടാ പിരിവ് ചോദിച്ചെത്തി അക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ കണ്ണിൽ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വിനീതിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കേരളത്തിനു പുറത്തേയ്‌ക്ക് കടന്നത്. വിനീതിനെ അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കോട്ടയം, ചങ്ങനാശേരി ഡിവൈ.എസ്.പിമാരായ ആർ.ശ്രീകുമാർ, എസ്.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വ്യാഴാഴ്‌ച ഉച്ചയോടെ വിനീത് അയ്‌മനത്തെ ഒളിത്താവളത്തിൽ എത്തിയതായി വിവരം ലഭിച്ചതോടെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ, ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ അഷറഫ്, ദിലീപ് വർമ്മ, ബിനോയ് എന്നിവർ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. വിനീതിനെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്‌ക്ക് അയച്ചു.
കാപ്പ നിലനിൽക്കെ
അഴിഞ്ഞാട്ടം
ഗുണ്ടാ ആക്‌ട് ചുമത്തിയ പ്രതി വിനീത് സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി വിലസി നടന്നത് പൊലീസ് അറിഞ്ഞില്ല! മേയിലാണ് നഗരമദ്ധ്യത്തിൽ അക്രമം പരമ്പര നടത്തുകയും, വീട് ആക്രമിക്കുകയും ചെയ്‌ത കേസിൽ വിനീതിനെ റിമാൻഡ് ചെയ്‌തത്. കഴിഞ്ഞ മാസം 24 നാണ് വിനീത് ജാമ്യത്തിലിറങ്ങിയത്. ഇതിനു മുൻപ് തന്നെ ജില്ലാ കളക്‌ടർ കാപ്പ ചുമത്തിയിരുന്നു. ജാമ്യം കിട്ടിയാൽ ഉടൻ ഗുണ്ടാ ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്‌ത് സെൻട്രൽ ജയിലിലേയ്‌ക്ക് അയക്കാനായിരുന്നു പൊലീസിന്റെ തീരുമാനം എന്നാൽ, വിനീത് ജാമ്യത്തിലിറങ്ങുന്ന വിവരം പൊലീസിന് അറിയാൻ സാധിച്ചില്ല.