കോട്ടയം: കായിക കോളേജിനായി സംസ്ഥാന സർക്കാർ സ്‌പോട്‌സ് വകുപ്പിനു കൈമാറിയ 33 ഏക്കറിൽ താവളമടിച്ചിരിക്കുന്നത് കള്ള് , കഞ്ചാവ് മാഫിയ. ചിങ്ങവനത്ത് എം.സി റോഡിനരികിലെ ട്രാവൻകൂർ ഇലക്‌ട്രോ കെമിക്കൽസിന്റെ സ്ഥലമാണ് സർക്കാർ കായിക കോളേജിനായി കായിക വകുപ്പിനു കൈമാറിയത്. എന്നാൽ, ഇലക്‌ട്രോ കെമിക്കൽസിന്റെ പൊളിച്ചു കളഞ്ഞ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾ ഇപ്പോൾ ലഹരിമാഫിയ സംഘത്തിന്റെ താവളമാണ്. ക്യാന്റീൻ കെട്ടിടമാണ് പൂർണമായും സാമൂഹ്യ വിരുദ്ധ കേന്ദ്രമായിരിക്കുന്നത്. എംസി റോഡിൽ നിന്നും ഏറെ ഉള്ളിലായി കാടുപിടിച്ചു കിടക്കുന്നത് കൊണ്ട് പൊലീസ് ഇവിടേയ്‌ക്ക് എത്തി നോക്കാറുപോലുമില്ല. ഇത് മുതലെടുത്താണ് ലഹരിമാഫിയ ഇവിടെ തമ്പടിച്ചിരിക്കുന്നത്.

പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കി അഞ്ചു കോടി രൂപ അനുവദിച്ച ശേഷം കായിക കോളേജ് എന്ന ആശയമേ വേണ്ടെന്ന് വച്ചതിനു പിന്നിൽ രാഷ്ട്രീയമെന്ന് ആരോപണം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കായിക മന്ത്രിയായിരുന്നപ്പോഴാണ് അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള കോളേജിന് നീക്കം ആരംഭിച്ചത്. എന്നാൽ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പോട്‌സ് കൗൺസിൽ പദ്ധതിയ്‌ക്ക് അനുമതി നിഷേധിച്ചു.

സ്‌പോട്‌സ് കൗൺസിലോ സർക്കാരോ പഠനം നടത്തിയല്ല ഈ തീരുമാനത്തിലെത്തിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2013ൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കായിക മന്ത്രിയായിരിക്കെ വിശദമായ പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ട് ലഭിച്ച ഘട്ടത്തിലൊന്നും കായിക കോളേജ് ഫീസിബിളല്ലെന്ന മറുപടി സ്‌പോട്‌സ് കൗൺസിലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, സർക്കാർ മാറിയതിനു പിന്നാലെ കൗൺസിൽ ഫയൽ മടക്കി.

രാഷ്‌ട്രീയ പ്രേരിതം

അന്തർദേശീയ തലത്തിൽ നിന്നു വരെ കായിക താരങ്ങൾക്ക് പരിശീലനം നേടാൻ സൗകര്യമുള്ള കായിക കോളേജ് സ്ഥാപിക്കാനായിരുന്നു പദ്ധതി. രാഷ്ട്രീയവിരോധത്തിന്റെ പേരിൽ അത് ഇല്ലാതാക്കിയത് കായിക താരങ്ങളോടുള്ള വെല്ലുവിളിയാണ്.

ജെജി പാലയ്‌ക്കലോടി

പ്രസിഡന്റ്

ജില്ലാ സ്‌പോട്‌സ്‌ കൗൺസിൽ, കോട്ടയം

കായിക കോളേജ്

നഷ്‌ടമാക്കരുത്

നിലവിൽ കോട്ടയത്ത് കായിക താരങ്ങൾക്ക് പരിശീലിക്കാൻ സൗകര്യങ്ങൾ പരിമിതമാണ്. ഈ സാഹചര്യത്തിൽ ഭരണപ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് കായിക താരങ്ങൾക്കായി രംഗത്തിറങ്ങണം. കായിക കോളേജ് കോട്ടയത്തിന്റെ അഭിമാന പദ്ധതിയാക്കി മാറ്റണം.

ജസ്റ്റിൻ ജോ‌ർജ്

സന്തോഷ് ‌ട്രോഫി താരം

കേരള ടീം