sukumaran-nair-

കോട്ടയം: നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള സർക്കാർ ശ്രമമാണ് ശബരിമല വിഷയത്തോടെ പുറത്തുവന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആരോപിച്ചു. ദേവസ്വം ബോർഡിനെ ചട്ടുകമാക്കി വിശ്വാസത്തെ സർക്കാർ തകർക്കുകയാണ്.

ചങ്ങനാശേരി യൂണിയന്റെ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസ് ഈ സർക്കാരിന് അനുകൂലമായിരുന്നു. ഈ നിമിഷം വരെ വിമർശിച്ചിട്ടില്ല. ഇഷ്ടപ്പെടാത്ത പ്രശ്നങ്ങൾ നേരിട്ടാണ് പറഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വിഷയത്തിലടക്കം അനുകൂല തീരുമാനം ഉണ്ടായി. പക്ഷേ, ശബരിമല വിഷയത്തിൽ പിണറായി വിജയന് പാളിച്ചപറ്റി. സർക്കാർ നിരീശ്വരവാദം അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണെന്ന വാദത്തിന് ബലം നൽകുന്ന പല കാരണങ്ങളുണ്ട്. സെൻകുമാർ കേസിലടക്കം സുപ്രീംകോടതി വിധിയിൽ നടപടിയെടുക്കാതിരുന്ന സർക്കാർ ശബരിമല വിഷയത്തിൽ തിടുക്കം കാണിച്ചു. കേസിൽ കക്ഷിയായിരുന്ന എൻ.എസ്.എസിന് വിധിപ്പകർപ്പ് ലഭിക്കും മുൻപേ വിധി നടപ്പാക്കാൻ തിടുക്കം കാട്ടി. കപടഭക്തരെ പൊലീസ് സന്നാഹത്തോടെ സന്നിധാനത്ത് എത്തിക്കാൻ വ്യഗ്രത കാട്ടി. അതേസമയം നാമംജപിച്ച് പ്രതിഷേധിച്ച ഭക്തരോട് പൊലീസ് നീചവും നിന്ദ്യവുമായി പെരുമാറി. ഇതൊക്കെ ഹിന്ദു അല്ലാത്ത ഏതെങ്കിലും മതവിഭാഗത്തോട് ചെയ്യാനുള്ള ധൈര്യമുണ്ടോ? ഇല്ല, എൻ.എസ്.എസ് എന്തും അംഗീകരിച്ച് കൊടുക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നുണ്ടെങ്കിൽ തെറ്റി. വിശ്വാസം സംരക്ഷിക്കാൻ പിണറായി വിജയന്റെ അനുവാദം വേണമെങ്കിൽ അത് നടക്കില്ല. രാജ്യം വിശ്വാസത്തിന്റെ പേരിൽ തകർന്ന് കിടക്കുമ്പോൾ എല്ലാം തീ കൊളുത്തിവിട്ടിട്ട് മുഖ്യമന്ത്രി ഭാര്യയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം വിദേശത്ത് പോയി. വിശ്വാസം സംരക്ഷിക്കാൻ അക്രമത്തിന് എൻ.എസ്.എസ് ഇല്ല. സമാധാനപരമായി നാമം ജപിച്ചാണ് സംസ്ഥാനം മുഴുവൻ എൻ.എസ്.എസ് പ്രതിഷേധിച്ചത്. അതിന് ജാതി-മത ഭേദമെന്യേ എല്ലാവരും പിന്തുണച്ചു. ഇതിലൂടെ മന്നത്തിന്റെ ആഗ്രഹം പോലെ മതസൗഹാർദ്ദത്തിന് കളം ഒരുങ്ങി- അദ്ദേഹം പറഞ്ഞു.