വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യവേല നാളെ സമാപിക്കും. അഷ്ടമിക്ക് കൊടികയറുന്നതിന് മുൻപ് നാലു വീതം പുള്ളി സന്ധ്യവേലയും മുഖസന്ധ്യവേലയും നടക്കണമെന്നാണ് ആചാരം. ഒപ്പം നാല് സമൂഹങ്ങളുടെ സന്ധ്യവേലയുമുണ്ട്. വൈക്കം സമൂഹത്തിനും വടയാർ സമൂഹത്തിനും ഒറ്റപ്പണം സമർപ്പിക്കൽ എന്ന ചടങ്ങും നടത്തും.
വിജയദശമി നാളിൽ നടന്ന മൂന്നാം ദിവസത്തെ പുളളി സന്ധ്യവേലക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനിയേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ശതകലശം ഉൾപ്പടെയുള്ള അഭിഷേകങ്ങളും വിശേഷാൽ പൂജകളും തുടർന്ന് ശ്രീബലിയും നടത്തി. രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നളളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ അഭിഷേകങ്ങൾ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങുകൾ. മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ 22 നാണ്. 24 മുതൽ 27 വരെയാണ് മുഖസന്ധ്യവേല. സമൂഹസന്ധ്യവേല നവംബർ 13ന് ആരംഭിച്ച് 18ന് സമാപിക്കും.19നാണ് അഷ്ടമി കൊടിയേറ്റ്. നവംബർ 30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.