മരങ്ങൾ ലേലം, ആദ്യ ഘട്ടം പൂർത്തിയായി

പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ഇതിന് മുന്നോടിയായി റോഡിനായി ഏറ്റെടുത്ത ചെറുവള്ളി വില്ലേജ് പരിധിയിലെ 142 മരങ്ങൾ ലേലം ചെയ്തു. റോഡ് വികസനഭാഗമായി കെ.എസ്.ടി.പി. വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത സ്ഥലങ്ങളിലേയും റോഡ് പുറമ്പോക്കിലേയും 42 മരങ്ങൾ 9,87,000 രൂപക്കാണ് ലേലം ചെയ്തത്.
കെ.എസ്.ടി.പി. പൊൻകുന്നം എക്‌സിക്യൂട്ടീവ് ഓഫീസിലായിരുന്നു ലേലനടപടികൾ. ആഞ്ഞിലിയും തേക്കും മാവും ഉൾപ്പെടെയുള്ള മരങ്ങളുടെ ലേലത്തിൽ 42 പേർ പങ്കെടുത്തു.
അടുത്തഘട്ട ലേലം 22ന് നടത്തും. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 19 വില്ലേജുകളിലെ മരങ്ങളുടെ ലേലമാണ് ഇനി നടക്കാനുള്ളത്. 4500 മരങ്ങളാണ് ആകെ ലേലം ചെയ്യുന്നത്. ഡിസംബറോടെ ലേലനടപടികൾ പൂർത്തിയാക്കും.
വനംവകുപ്പിന്റെ സാമൂഹികവനവത്ക്കരണ വിഭാഗം നിശ്ചയിച്ച വിലയേക്കാൾ കൂടിയ തുകയ്ക്കാണ് ചെറുവള്ളി വില്ലേജിലെ മരങ്ങൾ ലേലത്തിൽ പോയത്.

ആരോപണവുമായി വ്യാപാരികൾ

ലേല നടപടികൾ യഥാസമയം അറിയിച്ചില്ലെന്ന് ചില മരവ്യാപാരികൾ ആരോപണം ഉയർത്തിയിട്ടുണ്ട്. നിരതദ്രവ്യം കെട്ടിവെക്കാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ആക്ഷേപമുള്ളവർക്ക് ഏഴു ദിവസത്തിനുള്ളിൽ പരാതി നൽകാൻ അവസരമുണ്ടന്നും കെ.എസ്.ടി.പി.അധികൃതർ പറഞ്ഞു.