കോട്ടയം: പൊലീസ് സംരക്ഷണത്തിൽ യുവതികളെ ശബരിമലയിൽ എത്തിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത് സംഘർഷത്തിന് കാരണമായി. ഇന്നലെ രാവിലെ 9.30 ഓടെ സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എരുമേലി ക്ഷേത്രത്തിന് മുന്നിലെ എരുമേലി-റാന്നി റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തതോടെ പ്രവർത്തകർ ഒത്തുകൂടി ഉച്ചത്തിൽ ശരണം വിളിച്ചു. പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെ ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ കൂടുതൽ പേരെത്തി. ഇതോടെ രംഗം സംഘർഷമായി. ഗോപാലകൃഷ്ണനെ മണിമല സ്റ്റേഷനിലേയ്ക്കും എൻ.ഹരിയെയും പ്രവർത്തകരെയും പാമ്പാടി സ്റ്റേഷനിലേയ്ക്കും മാറ്റി. സ്റ്റേഷനിലെത്തിയും നേതാക്കൾ ശരണം വിളിച്ചു പ്രതിഷേധിച്ചു. വൈകിട്ടോടെ നേതാക്കളെ ജാമ്യത്തിൽ വിടുകയായിരുന്നു.