കോട്ടയം: ജനറൽ ആശുപത്രിയിലെ മോർച്ചറി അറ്റകുറ്റപണികൾക്കായി അടച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയിലെ അറ്റകുറ്റപണികളെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. സി.സി.ടി.വി കാമറകൾ മിഴിയടച്ചിട്ട് രണ്ടുവർഷത്തിലേറെയായി. ഫ്രീസർ തകരാറിനെ തുടർന്ന് ആഗസ്റ്റ് പത്തിനാണ് മോർച്ചറി അടച്ചത്. ആധുനിക സൗകര്യങ്ങളോടെ അഞ്ചു വർഷം മുൻപാണ് മോർച്ചറി പ്രവർത്തനം ആരംഭിച്ചത്. രണ്ടു ഫ്രീസറുകളും, പോസ്റ്റ്മാർട്ടത്തിനു ആധുനിക മുറിയും അടക്കമുണ്ടായിരുന്നു.
രാത്രികാലങ്ങളിൽ അപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കുന്നതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് അടക്കം പേ വാർഡ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആകെയുള്ള 13 പേവാർഡുകളിൽ വിരലിലെണ്ണാവുന്നവയാണ് രോഗികൾക്ക് നൽകുന്നത്. ആശുപത്രിയുടെ സുരക്ഷ മുൻനിറുത്തി സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാക്കാനും നടപടിയില്ല. ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റിയാണ് നേരത്തെ കാമറകൾ പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് നൽകിയിരുന്നത്.