കോട്ടയം: സ്‌കൂൾ കലോത്സവം ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാത്രമായി ചുരുക്കാൻ തീരുമാനം.അതും ഒരു ദിവസത്തെ 'വഴിപാടാ"ക്കാനും നീക്കം നടക്കുന്നു. അതിനും വിദ്യാഭ്യാസ ഒാഫീസർമാരും സ്‌കൂൾ അധികൃതരും സ്വയം ഫണ്ട് കണ്ടെത്തേണ്ടിയും വരും. സർക്കാർ നൽകിയ ഫണ്ട് തിരികെ പിടിച്ചതിനാലാണിത്.
ജൂലായ് ആദ്യ വാരത്തിലാണ് ജില്ലയിൽ കലോത്സവം നടത്തിപ്പിനുള്ള അഡ്വാൻസ് തുക വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിലിട്ടത്. എന്നാൽ, പ്രളയത്തെ തുടർന്ന് ഈ തുക തിരികെ പിടിച്ചു. ഇനി അത്രയും തുക അനുവദിക്കുമോ എന്ന് ഉറപ്പില്ല. അതിനാൽ മറ്റ് മാർഗങ്ങൾ തേടുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കഴിഞ്ഞ വർഷം സബ് ജില്ലാ കലോത്സവങ്ങൾക്ക് നാല് ലക്ഷം രൂപയും, ജില്ലാ കലോത്സവത്തിനു പത്തു ലക്ഷം രൂപയുമാണ് അനുവദിച്ചത്. ബാക്കി കലോത്സവ കമ്മിറ്റികൾ സംഭാവനയായി കണ്ടെത്തുകയോ, വിദ്യാർത്ഥികളിൽ നിന്നടക്കം പിരിച്ചെടുക്കുകയോ ചെയ്‌തു. നവംബർ അവസാനത്തോടെ സ്‌കൂൾ തല കലോത്സവവും ഡിസംബറിൽ സബ് ജില്ല, ജില്ലാ കലോത്സവങ്ങളും ജനുവരിയിൽ സംസ്ഥാന കലോത്സവവും നടത്തുകയാണ് പതിവ്.
ചെലവ് കുറയില്ല
പഴയതുപോലെ കലോത്സവം നാലുദിവസമായി നടത്തിയാൽ 15 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. എന്നാൽ, ഇക്കുറി ഉദ്ഘാടന ചടങ്ങും ഘോഷയാത്രയും ഭക്ഷണവും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി
വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമായി നടത്തിയാലും, ഒരു ദിവസം കൊണ്ടു പൂർത്തിയാക്കണമെങ്കിൽ ഇരുപതിലേറെ വേദികൾ കണ്ടെത്തേണ്ടി വരും. പ്രോഗ്രാം കമ്മിറ്റിയ്‌ക്കു വേണ്ടി മാത്രം കഴിഞ്ഞ വർഷങ്ങളിൽ നാല് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഇതിൽ കാര്യമായ കുറവു വരുത്താനാവില്ല.
സർക്കാർ നൽകുന്ന ഫണ്ടിൽ 25 ശതമാനമെങ്കിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കലോത്സവം നടത്താനുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ.