കോട്ടയം: ഫുട്പാത്ത് കൈയേറി അനധികൃത കച്ചവടം നടത്തുന്നവർക്ക് പൂട്ടുമായി നഗരസഭ. ഇതിന്റെ ഭാഗമായി കച്ചവടക്കാരുടെ 14 ഉന്തുവണ്ടികൾ പിടിച്ചെടുത്തു. കാൽനടയാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ചിലർ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. സെൻട്രൽ ജംഗ്‌ഷൻ, നാഗമ്പടം ബസ്‌സ്റ്റാൻഡ്, വൈ.എം.സി.എ റോഡ്, നാഗമ്പടം, തിരുനക്കര പഴയ ബസ്‌സ്റ്റാൻഡിന് സമീപം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ വഴിയോര കച്ചവടത്തിന് നിരോധനമുള്ളതാണ്. ഇത് ലംഘിച്ചാണ് ഉന്തുവണ്ടികളുമായി കച്ചവടക്കാർ ഫുട്പാത്തുകൾ കൈയടക്കിയത്. പഴം-പച്ചക്കറി വില്പനക്കാരായിരുന്നു കൂടുതൽ.
ഇവർക്ക് നഗരസഭ ലൈസൻസോ, തിരിച്ചറിയൽ കാർഡോ ഇല്ല. പല തവണ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് നഗരസഭ ഒഴിപ്പിക്കൽ നടപടിയി ആരംഭിച്ചത്. അനധികൃത കച്ചവടക്കാരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ചിലർ കൗൺസിലർമാരുടെ ബിനാമികളാണെന്നും ആക്ഷേപമുണ്ട്. ഇത്തരക്കാരെ വരും ദിവസങ്ങളിൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി ഒഴിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭാ മാർക്കറ്റ് സോണലിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ എച്ച്.ഐ ജേക്കബ്സൺ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ രാജേഷ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഉന്തുവണ്ടികൾ നഗരസഭ പരിസരത്തേക്ക് മാറ്റി. കച്ചവടക്കാരിൽ നിന്നു പിഴ ഈടാക്കുമെന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലീലാമ്മ ജോസഫ് അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങളുടെ ഗുണനിലവാരം അനുസരിച്ച് 2000 മുതൽ 25000 രൂപ വരെയാണ് പിഴ.