കോട്ടയം: മത്സ്യഫെഡ് 10 ലക്ഷം രൂപ ചെലവഴിച്ച് മണർകാട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ആരംഭിക്കുന്ന ഫിഷ് മാർട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. അടുത്ത മാസം ആദ്യം തുറന്നു കൊടുക്കാനാണ് തീരുമാനം. ജില്ലയിലെ 12ാ മത്തെ ഫിഷ് മാർട്ടാണിത്. പുതുപ്പള്ളി, കഞ്ഞിക്കുഴി, വാകത്താനം, അയർക്കുന്നം തുടങ്ങി 11 കേന്ദ്രങ്ങളിൽ ജില്ലയിൽ ഇപ്പോൾ ഫിഷ് മാർട്ടുണ്ട്. സൂപ്പർമാർക്കറ്റിന്റെ നിലവാരത്തിലായിരിക്കും ഫിഷ് മാർട്ട് പ്രവർത്തിക്കുക.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് ശേഖരിക്കും. മറ്റ് മത്സ്യങ്ങൾ വലിയ ബോട്ടുകളിൽ നിന്ന് സഹകരണ സംഘങ്ങൾ മുഖേന വാങ്ങാനും പദ്ധതിയുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ സംഭരിക്കുന്ന മത്സ്യങ്ങൾ നാല് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. മുപ്പത് ഇനങ്ങളിലുള്ള പച്ച മത്സ്യങ്ങൾ ഫിഷ് മാർട്ടിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.
മീൻകട്‌ലറ്റ്, അച്ചാർ തുടങ്ങിവയും ഉടനടി തയാറാക്കാൻ കഴിയുന്ന മീൻകറിയുടെ കൂട്ടും ഇവിടെ ലഭ്യമാക്കും. മൊബൈൽ മാർട്ടുകൾ തുടങ്ങാനും ആലോചനയുണ്ട്. സംസ്ഥാനത്ത് ആകെ 32 മത്സ്യഫെഡ് ഔട്ട്‌ലെറ്റുകളുള്ളത്. ഇതിൽ 11 എണ്ണവും കോട്ടയത്താണ്.
സീ ഫുഡ് കിച്ചൺ
ജില്ലയിൽ മത്സ്യഫെഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'സീ ഫുഡ് കിച്ചൺ' റസ്റ്റോറന്റും നാഗമ്പടം ഫിഷ് അക്വേറിയത്തോട് ചേർന്ന് തുറക്കും.