കോട്ടയം:ശബരിമല സമരം കത്തിക്കാളിച്ച് അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ സി.പി.എം ശ്രമിക്കുകയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപതു സീറ്റ് നേടുമെന്ന് പറയുന്ന ഇടതുമുന്നണി സർക്കാരിന് വർഗീയ കാർഡിറക്കി രാഷ്ടീയലാഭമുണ്ടാക്കുന്ന ഹിഡൻ അജൻഡയാണുള്ളത് .ശബരിമലയിൽ സവർണാധിപത്യം നടപ്പാക്കാനാണ് ശ്രമമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതിന്റെ ഭാഗമാണ്. വർഗീയത ഇളക്കി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി എടുക്കണം.

ശബരിമല വിഷയത്തിൽ സർക്കാർ പൊട്ടൻ കളിക്കുകയാണ്. വകുപ്പു മന്ത്രിയെ അറിയിക്കാതെ ചുംബനസമരക്കാരിയെ ശബരിമല കയറ്റാൻ ഐ.ജി ശ്രീജിത്തിനെ പ്രേരിപ്പിച്ചത് ആരാണെന്നറിയണം. സംസ്കാരത്തിന് നേരേ നടത്തിയ കടന്നു കയറ്റമാണിത്. പൊലീസ് വേഷം മറ്റൊരാൾക്ക് കൈമാറുന്നതും ധരിക്കുന്നതും കുറ്റകരമാണ് . കൈമാറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരെയും ധരിച്ച കവിതയ്ക്കെതിരെയും കേസെടുക്കണം. നാലു വർഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു കഴിയും. തീർത്ഥാടനം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ ശബരിമലയ്ക്കു മാത്രമായി പ്രത്യേക നിയമമുണ്ടാക്കാൻ സർക്കാരിന് കഴിയും.ജു‌ഡീഷ്യൽ ആക്ടീവിസമാണ് ഇവിടെ നടക്കുന്നത്. കോടതി അലക്ഷ്യത്തിന് സുപ്രീം കോടതിയിൽ ആരും ഇതുവരെ കേസ് നൽകിയിട്ടില്ല. എന്നാൽ കോടതി അലക്ഷ്യമാകുമെന്ന മുൻവിധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.