ഏറ്റുമാനൂർ : ഏറ്റുമാനൂർ പ്രൈവറ്റ് സ്റ്റാൻഡിൽ ക്ഷമയോടെ ബസ് കാത്തുനിൽക്കുക എന്നത് ചില്ലറകാര്യമല്ല. 'മദ്ധ്യതിരുവിതാംകൂറിലെ ആധുനിക മാർക്കറ്റ്' എന്ന പെരുമയുള്ള ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നിന്നുള്ള ഗന്ധം അന്തരീക്ഷമാകെ പരക്കുകയാണ്. മൂക്കുപൊത്തിയിട്ടും രക്ഷയില്ല. മാലിന്യ സംസ്‌കരണത്തിന് 28 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പ്ലാന്റ് ഒരുവർഷമായി പ്രവർത്തനരഹിതമാണ്. ഇതിനോടോപ്പമുള്ള വാട്ടർട്രീറ്റ്‌മെന്റ് പ്ലാന്റും പൂട്ടിയതോടെ മത്സ്യമാർക്കറ്റിൽ നിന്നുള്ള ജലം ഓടയിൽ കെട്ടിക്കിടക്കുകയാണ്. ദിവസവും അഞ്ഞൂറ് കിലോ കപ്പാസിറ്റിയുള്ള പ്ലാന്റിൽ ഇരട്ടിയിലധികം മാലിന്യം നിക്ഷേപിച്ചതോടെയാണ് തകരാർ സംഭവിച്ചത്. മാലിന്യം പൈപ്പിൽ തങ്ങി വെള്ളം ബ്ലോക്കാകുന്നത് പതിവായതോടെ പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവച്ചു. എട്ട് ഇഞ്ച് പൈപ്പ് മാറ്റി പത്ത് ഇഞ്ചിന്റെ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. എന്നാൽ നഗരസഭയുടെ നിഷേധാത്മക നിലപാട് നൂറുകണക്കിനാളുകളെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
നിലവിൽ മാർക്കറ്റിലെ മാലിന്യം കച്ചവടക്കാർ നേരിട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള എജന്റുമാരെ ഏല്പിക്കുകയാണ്. മത്സ്യമാർക്കറ്റിലെത്തുന്ന മാലിന്യങ്ങളുടെ നല്ലൊരുഭാഗം നീക്കം ചെയ്യുന്നില്ല. മാർക്കറ്റിനു പിന്നിലെ ഓടയിൽ അവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞനിലയിലാണ്. ദുർഗന്ധത്തോടൊപ്പം കൊതുക് ശല്യവും രൂക്ഷമാണെന്ന് വ്യാപാരികൾ പറഞ്ഞു. മാലിന്യസംസ്‌കരണ പദ്ധതികൾക്കായി ഓരോ ബഡ്ജറ്റിലും ലക്ഷങ്ങൾ വകയിരുത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.

പ്ലാന്റ് അനാവശ്യം: ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി

പ്ലാന്റ് പ്രവർത്തിപ്പിക്കാൻ രണ്ട് ജീവനക്കാർ ആവശ്യമാണ്. ശന്പളവും,പ്ലാന്റിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയും നഗരസഭയ്‌ക്കാണ്. 40000 രൂപയാണ് പ്ലാന്റ് നടത്തിപ്പിനുള്ള ചെലവ്. ലാഭം 25000 രൂപയാണ്. ഇതിനാൽ പ്ലാന്റ് അനാവശ്യമാണ്.

നഗരസഭയുടെ മുടന്തൻ ന്യായങ്ങൾ

മാർക്കറ്റിലെയും, ഹോട്ടൽ,കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യം സ്വന്തമായി സംസ്കരിക്കണം.

പുതിയ മുനിസിപ്പൽ കോംപ്ലക്‌സും തിയേറ്റർ സമുച്ചയവും വരുന്നതോടെ പ്രദേശം വലിയ ടൗണായി മാറും. ഈ സാഹചര്യത്തിൽ മാലിന്യ പ്ലാന്റ് കുടുതൽ ബുദ്ധിമുട്ടാകും

ആവശ്യമെങ്കിൽ തുന്പൂർമുഴി മോഡൽ ടൗണിൽ നിന്ന് മാറി ഉൾപ്രദേശങ്ങളിലേക്ക് ആരംഭിക്കും

 മാലിന്യപ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കും. സമീപത്തെ ചിറക്കുളവും മലിനമാവുകയാണ്

''അശാസ്‌ത്രീയമായാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. അതിന്റേതായ നിരവധി പ്രശ്‌നങ്ങളുമുണ്ട്. പ്ലാന്റ് പുനരാരംഭിക്കണം എന്നതിനോട് യോജിപ്പില്ല.

ടി.പി മോഹൻദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ