കോട്ടയം: പടിഞ്ഞാറൻമേഖലയിൽ ടൂറിസത്തിന്റെ മറവിൽ കഞ്ചാവും ലഹരി ഉപയോഗവും വ്യാപകം. വിനോദ സഞ്ചരികൾക്കെന്ന പേരിൽ പ്രദേശത്ത് ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് ,പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് .കഴിഞ്ഞ ദിവസം കുമരത്തെ ആശിർവാദ് ഹോട്ടലിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ജീവനക്കാരനെ പ്രതിയാക്കിയ എക്‌സൈസ് സംഘം ഹോട്ടൽ ഉടമയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ആറു മാസത്തിനിടെ കുമരകം, അയ്‌മനം അടക്കമുള്ള പടിഞ്ഞാറൻ മേഖലയിൽ നിന്നു മാത്രം മുപ്പത് പേരെയാണ് എക്‌സൈസും പൊലീസും കഞ്ചാവുമായി പിടികൂടിയത്. പ്രതികളെല്ലാവരും പ്രാദേശിക ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരായിരുന്നു.
ഫ്രഷ് കഞ്ചാവ് വിനോദ സഞ്ചാരികൾക്ക് വാഗ്‌ദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഹോട്ടലിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയതെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തൽ.
നൈട്രോസെപ്പാം, നൈട്രോസാൻ ഗുളികകളും എൽ.എസ്.ഡി അടക്കമുള്ള വീര്യം കൂടിയ ലഹരികളും കുമരകത്ത് വിനോദഞ്ചാരികൾക്ക് നൽകാനെന്ന പേരിൽ വൻ തോതിൽ എത്തിക്കുന്നുണ്ടെന്നാണ് അറിവ്.അതീവസുരക്ഷാ മേഖലയായി പൊലീസിന്റെ പട്ടികയിലുള്ള കുമരകത്താണ് ഇത്തരത്തിൽ വൻ തോതിൽ ലഹരി മാഫിയ അഴിഞ്ഞാടുന്നത്. ഹോട്ടലിൽ നിന്നു പോലും കഞ്ചാവ് ചെടി പിടികൂടിയ സാഹചര്യത്തിൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ അടക്കമുള്ളവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി പൊലീസും എക്‌സൈസും തയ്യാറാക്കിയിട്ടുണ്ട്.