കോട്ടയം:വരുമാനമില്ലാത്ത സർവീസുകൾ കുറയ്‌ക്കാനുള്ള മാനേജ്‌മെന്റ് നിർദേശത്തിന്റെ മറവിൽ യാത്രക്കാരെ ദ്രോഹിക്കുകയാണ് ഒരു വിഭാഗം കെ.എസ്.ആർ.ടി.സി. അധികൃതർ. തിരക്കേറിയ സർവീസുകളിൽ പലതും വെട്ടിക്കുറച്ചാണ് നഷ്ടം കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന മാനേജുമെന്റിനെ പഴി കേൾപ്പിക്കുന്നത്.
ഡീസൽ ചെലവ് വർദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്‌തതോടെയാണ് മാനേജ്‌മെൻ്റ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. രാവിലെ 11 മുതൽ 3 വരെയുള്ള സമയത്തെ സർവീസുകളിൽ 30 ശതമാനം നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു ആദ്യ നിർദേശം. ഇതിനു പിന്നാലെയാണ് അവധി ദിവസങ്ങളിൽ തിരക്ക് കുറഞ്ഞ സർവീസുകൾ 50 ശതമാനം വരെ കുറയ്ക്കാമെന്ന് അറിയിച്ചത്. ഈ രണ്ട് ഉത്തരവിലും തിരക്കേറുന്നത് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ മറവിൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഗ്രാമീണ സർവീസുകൾ പൂർണമായും വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
എറണാകുളം, ആലപ്പുഴ സർവീസുകളും ചങ്ങനാശേരി സർവീസുമാണ് കെ.എസ്.ആർ.ടി.സി കൂടുതലായും നടത്തുന്നത്. ഗ്രാമീണ മേഖലയിൽ സ്വകാര്യ ബസ് ഇല്ലാത്ത സ്ഥലങ്ങളിലെ സർവീസുകൾ പോലും അവധി ദിവസങ്ങളിൽ ഇല്ലാതാക്കി. കോട്ടയം ഡിപ്പോയ്‌ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പനച്ചിക്കാട് സർവീസ് പോലും കാര്യമായി നടത്തിയില്ല. രണ്ട് മാസത്തിനിടെ 98 സർവീസുകളാണ് റദ്ദ് ചെയ്‌തത്. ഇത് പലയിടത്തും യാത്രാക്ലേശം രൂക്ഷമാക്കി.