കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ്
പൊൻകുന്നം: ഒടുവിൽ ദുരിതമൊഴിഞ്ഞു, ഇനി കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക്. സബ് രജിസ്ട്രാർ ഓഫീസ് നാളെ മുതൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും. നാളെ രാവിലെ പത്തിന് സിവിൽ സ്റ്റേഷനിൽ ഓഫീസ് പ്രവർത്തനം ഡോ.എൻ ജയരാജ് എം. എൽ. എ. ഉദ്ഘാടനം ചെയ്യും
2011 ൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് മിനി സിവിൽ സ്റ്രേഷൻ നിർമ്മാണം ആരംഭിച്ചത്. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ കാലയളവിൽ സൗകര്യം കുറഞ്ഞ വാടകകെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം നീണ്ടുപോയതോടെ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുടെ ദൂരിതവും ഏറി. ഇപ്പോൾ എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത്.
വിലപ്പെട്ട രേഖകൾ
കഴിഞ്ഞ പത്തുദിവസമായി പൊൻകുന്നത്തെ ആധാരമെഴുത്തുകാരും ജില്ലയിലെ രജിസ്‌ട്രേഷൻ ജീവനക്കാരും രജിസ്ട്രാർ ഓഫീസ് മാറ്റുന്നതിനുള്ള മുന്നോരുക്കത്തിലായിരുന്നു.128 വർഷത്തെ വിലപ്പെട്ട റിക്കാർഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ഓഫീസിലേക്ക് മാറ്റിയത്. രേഖകൾ തരംതിരിച്ചുമാറ്റുന്നത് ശ്രമകരമായ ജോലിയായിരുന്നു.മിനി സിവിൽ സ്റ്റേഷനിലേക്ക് ഇവ വാഹനങ്ങളിൽ കയറ്റി ഇറക്കിയത് സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തൊഴിലാളികളാണ്. റിക്കാർഡ് റൂമിലേക്കുള്ള റാക്കുകൾ ,ഫർണ്ണിച്ചർ മുതലായവയെല്ലാം പൂജ അവധിദിവസങ്ങളിൽ മാറ്റിയിരുന്നു.