കോട്ടയം: ഏജന്റും ഒപ്പിന്റെ പകർപ്പുമുണ്ടെങ്കിൽ ആരുടെയും വാഹനം സ്വന്തം പേരിലാക്കാം..! കൃത്യമായ പരിശോധനകളില്ലാതെയാണ് വാഹനം ആർ.ടി ഓഫീസിൽ നിന്നു പേരു മാറ്റി നൽകുന്നതെന്നാണ് തെള്ളകം ഇരുമ്പനം സ്‌കൈലൈൻ ഒയാസിസ് വില്ല നമ്പർ 18 ൽ പ്രവാസിയായ റെജിയുടെ ഭാര്യ നിഷാ റെജിയുടെ അനുഭവത്തിൽ നിന്നു വ്യക്തമാകുന്നത്. നിഷയുടെ വ്യാജ ഒപ്പിട്ട് ആർ.സി ബുക്ക് തിരുത്തിയ കേസിൽ പ്രതി അറസ്റ്റിലായിട്ടും വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇനിയും തിരികെ ലഭിച്ചിട്ടില്ല.
ഒരു വർഷം മുൻപ് നിഷയും കുടുംബവും ഇവിടെ താമസിക്കാൻ എത്തിയപ്പോഴാണ് വാഹനം ഓടിക്കാനായി ഏറ്റുമാനൂർ ഉഷാമന്ദിരത്തിൽ പ്രവീൺ എസ്.നായരെ സ്വകാര്യ ഏജൻസി ഏർപ്പാട് ചെയ്തു നൽകിയത്. ഇടയ്ക്ക് ഇയാൾ ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ ആർ.സി ബുക്ക് ഇല്ലെന്ന് മനസിലായത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രവീണിനെ വിളിച്ചു വരുത്തിയെങ്കിലും ഒരാഴ്ചയ്ക്കകം ആർ.സി ബുക്ക് എത്തിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ, പിന്നീട് ആർ.ടി ഓഫീസിലെ വെബ് സൈറ്റിൽ പരിശോധിച്ചപ്പോൾ വാഹനം പ്രവീണിന്റെ പേരിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ പ്രവീണിനെ അറസ്റ്റ് ചെയ്തു.
നിഷ ആർ.ടി ഓഫീസ് അധികൃതരെ സമീപിച്ച് പ്രവീണിന്റെ പേരിലേയ്ക്ക് ആർ.സി ബുക്ക് മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും കേസ് നടക്കുന്നതിനാൽ സാധിക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. എന്നാൽ, പേര് മാറ്റിയ ആർ.സി ബുക്ക് പ്രവീണിന് അയച്ചു നൽകിയിട്ടില്ല. ആർ. സി. ബുക്കില്ലാത്തതിനാൽ വാഹനം വീടിനു പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായി നിഷ.
തട്ടിപ്പ് നടന്നത് ഇങ്ങനെ
ആർ.സി ബുക്കിനൊപ്പം ഏജന്റുവഴി പ്രവീൺ സമർപ്പിച്ച സെയിൽ ലെറ്ററിൽ നിഷയുടെ ഒപ്പ് വ്യാജമായാണ് ഇട്ടിരുന്നത്. ആർ.ടി ഓഫീസ് അധികൃതർ ഈ രേഖ കൃത്യമായി പരിശോധിക്കാതെ വാഹനം പ്രവീണിന്റെ പേരിലേയ്ക്ക് മാറ്റി നൽകുകയായിരുന്നു.
നേട്ടം ഇങ്ങനെ
ഇത്തരത്തിൽ പേര് മാറ്റിയെടുക്കുന്ന ആർ.സി ബുക്ക് ഈട് വാങ്ങി പണം കടം നൽകുന്ന സംഘങ്ങൾ സംസ്ഥാനത്തുണ്ട്. അടച്ച തുക തിരികെ ലഭിക്കാതെ വരുമ്പോൾ പകരം അവർ വാഹനം പിടിച്ചെടുക്കും. വാഹന ഉടമ അപ്പോഴാകും ഇതറിയുന്നത്.