കോട്ടയം: ഏറ്റുമാനൂർ മുതൽ കുറുപ്പന്തറ വരെ പാത ഇരട്ടിപ്പിക്കലിനായി മൂന്നു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മൂന്നു മണിക്കൂർ പിടിച്ചിടുകയും ചെയ്തതോടെ ഇന്നലെ കോട്ടയം റൂട്ടിലെ യാത്ര ക്ലേശകരമായി. രാവിലെ പത്തര മുതൽ ഉച്ചയ്‌ക്ക് ഒന്നര വരെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഇതോടെ പലരും ബസുകളിലാണ് യാത്ര തുടർന്നത്. ശബരി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് എന്നിവ കുറുപ്പന്തറയിലും, കേരള എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ് എന്നിവ കോട്ടയത്തുമാണ് പിടിച്ചിട്ടത്.
24 വരെ യാത്രാക്ലേശമുണ്ടാകും. കോട്ടയം- എറണാകുളം റൂട്ടിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്‌ച. ഇന്ന് ട്രെയിനുകൾ ഇല്ലാതെ വരുന്നത് സ്ഥിരം യാത്രക്കാരെയും ബാധിക്കും.
റദ്ദാക്കിയവ
കായംകുളം-എറണാകുളം പാസഞ്ചർ
കൊല്ലം-എറണാകുളം മെമു
എറണാകുളം-കൊല്ലം മെമു
ഇന്നും നാളെയും
കോർബ-തിരുവനന്തപുരം എക്‌സ്‌പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് , മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് , തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്പ്രസ് എന്നിവ വൈകും.
മറ്റെന്നാൾ
തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്‌ദി എക്‌സ്പ്രസ്, ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് , മംഗളൂരു സെൻട്രൽ-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്പ്രസ്, കന്യാകുമാരി -മുംബൈ ജയന്തി ജനത എക്‌സ്പ്രസ് എന്നിവ വൈകും.