കോട്ടയം: പാറേച്ചാൽ ബൈപാസിന് സമീപം കോട്ടയം - ആലപ്പുഴ ബോട്ട് റൂട്ടിൽ മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ചുങ്കത്തുമുപ്പത് പാലം പുന:സ്ഥാപിക്കേണ്ട ചുമതല നിർമ്മാണ കമ്പനിക്കാണെന്ന വിചിത്രവാദവുമായി കോട്ടയം നഗരസഭ. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് നഗരസഭ നിലപാടറിയിച്ചത്. ആറ് വർഷം മുമ്പ് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) 53 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം കഴിഞ്ഞ ഏപ്രിലിലാണ് തകരാറിലായത്.
പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 8.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെൽ അധികൃതർ നഗരസഭയ്ക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്നാണ് നഗരസഭയുടെ വാദം. 2017 ലാണ് കളക്‌ടർ പാലത്തിന്റെ ചുമതല നഗരസഭയ്ക്ക് വിട്ടു നൽകുന്നത്. വൈദ്യുതിയിൽ പ്രവർത്തിച്ചിരുന്ന പാലം ബോട്ട് വരുമ്പോൾ ഉയർത്താവുന്നതാണ്. യന്ത്രത്തകരാർ മൂലമാണ് ഉയർത്താൻ കഴിയാതായത്. കാഞ്ഞിരം വരെയാണ് ബോട്ട് സർവീസ്. നൂറുകണക്കിനാളുകളാണ് ഇതോടെ ദുരിതത്തിലായത്. കോടിമതയിൽനിന്ന് ജലഗതാഗതവകുപ്പിന് കോട്ടയം - ആലപ്പുഴ രണ്ട് സർവീസുകളാണുള്ളത്. ബോട്ടിറങ്ങുന്നവർക്ക് കാഞ്ഞിരത്തു നിന്ന് ഏഴ് കിലോമീറ്റർ ബസിൽ സഞ്ചരിച്ച് വേണം കോട്ടയത്ത് എത്താൻ.
''ചുങ്കത്ത് മുപ്പതുപാലത്തിന്റെ അറ്റകുറ്റപ്പണിക്കായി കെൽ സമർപ്പിച്ചിരിക്കുന്ന എസ്റ്റിമേറ്റ് അനുസരിച്ചുള്ള ഭീമമായ തുക നഗരസഭയ്ക്ക് നൽകാൻ കഴിയില്ല. ഫണ്ട് ചെലവഴിക്കുന്നതും, പാലം തുറക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ കളക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
ഡോ.പി.ആർ സോന (നഗരസഭ ചെയർപേഴ്‌സൺ)