കോട്ടയം: ഡീസൽ പ്രതിസന്ധിയ്‌ക്കും സർവീസ് വെട്ടിക്കുറയ്ക്കലിനും ഇടയിലും വരുമാനത്തിൽ വർദ്ധനവുണ്ടെന്ന് കെ.എസ്.ആർ.ടി.സി. കോട്ടയം ഡിപ്പോയിൽ ശരാശരി 40 രൂപ വരെ കിലോമീറ്ററിനു ലഭിക്കുന്നു. സർവീസ് വെട്ടിക്കുറച്ചതോടെ വരുമാനം കുറഞ്ഞുവെന്ന യൂണിയനുകളുടെ വാദം പൊളിക്കുന്നതാണ് ഈ കണക്ക്.
കോട്ടയം ഡിപ്പോയിൽ ഒരാഴ്‌ചയ്‌ക്കിടെ പ്രതിദിനം നാലായിരം കിലോമീറ്ററാണ് സർവീസിൽ വെട്ടിക്കുറവ് വരുത്തിയത്. നേരത്തെ ഒരു ദിവസം 32,000 കിലോമീറ്റായിരുന്നു സർവീസ് . എന്നാൽ, സർവീസ് വെട്ടിക്കുറച്ചിട്ടും കളക്‌ഷനിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്‌ച ഒൻപത് ലക്ഷമായിരുന്നു കളക്‌ഷൻ. അവധി ദിനവും നവരാത്രി സർവീസുകളും കൂടി ചേർന്ന ശനിയാഴ്‌ച 13 സർവീസുകൾ വെട്ടിക്കുറച്ചിട്ടും കളക്‌ഷൻ 11 ലക്ഷം രൂപയിൽ എത്തിക്കാൻ സാധിച്ചു. വെള്ളിയാഴ്‌ച 39 രൂപയായിയിരുന്നു ഒരു കിലോമീറ്റിൽ നിന്നു ലഭിച്ചിരുന്നത്. ഇന്നലെ ഇത് നാൽപ്പത് രൂപയാക്കാൻ സാധിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച 87 സർവീസുകളും, ശനിയാഴ്‌ച 83 സർവീസുകളുമാണ് കോട്ടയം ഡിപ്പോയിൽ നിന്നും നടത്തിയത്.
പൊളിക്കാൻ ശ്രമം
നിലവിലെ പരിഷ്കാരങ്ങൾ തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഓരോ ദിവസത്തെയും ഓരോ സർവീസും പ്രത്യേകം എടുത്ത് കളക്‌ഷൻ പരിശോധിച്ച ശേഷമാണ് നിലവിൽ അടുത്ത ദിവസം സർവീസുകൾ ക്രമീകരിക്കുന്നത്. ശരാശരി പതിനായിരം രൂപയെങ്കിലും കളക്‌ഷനില്ലാത്ത ബസുകൾ അയക്കേണ്ടെന്നാണ് മാനേജ്‌മെൻ്റ് നൽകിയിരിക്കുന്ന നിർദേശം. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ ബസുകൾ അവധി ദിവസങ്ങളിൽ റദ്ദാക്കുന്നുണ്ട്. തിരക്ക് കുറവുള്ള സർവീസുകൾ നോക്കി ഡ്യൂട്ടിയെടുക്കുന്ന ഒരു വിഭാഗം ജീവനക്കാർ ഇതിനെതിരെ വ്യാപകമായ പ്രചാരണത്തിലാണ്.
ഡീസൽ പ്രതിസന്ധിയും
അതി രൂക്ഷം
കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ച് ഡീസൽ പ്രതിസന്ധിയും അതിരൂക്ഷമായി തുടരുകയാണ്. ശനിയാഴ്‌ച 20,000 ലിറ്റർ ഡീസലാണ് കോട്ടയം ഡിപ്പോയിൽ എത്തിയത്. പ്രതിദിനം 32,000 ലീറ്റർ ഡിസലെങ്കിലും ആവശ്യമുള്ളപ്പോഴാണിത്. ഇനി ഇന്നേ ഡീസൽ എത്തു.