കോട്ടയം: മണ്ഡലകാല മുന്നൊരുക്കങ്ങൾക്കായി ഏറ്റുമാനൂർ നഗരസഭയ്ക്ക് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇന്നലെ നഗരസഭാ ചെയർമാൻ ജോയ് ഊന്നുകല്ലേലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്കായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ യോഗം വിലയിരുത്തി. വഹിച്ചു. അയ്യപ്പഭക്തർക്കു വിരിവയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും വിരിപ്പന്തൽ ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറുവശത്ത് ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. ടോയ്‌ലെറ്റുകൾ കുറവായതിനാൽ മൈതാനത്തിനടുത്തു ബയോ ടോയ്‌ലെറ്റുകൾ കൂടുതലായി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു. ദേവസ്വം സ്ഥലം വിട്ടുനൽകിയാൽ സ്ഥിരമായി 5 ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകാമെന്ന് നഗരസഭ അറിയിച്ചു. ദേവസ്വം ടോയ്‌ലെറ്റുകളിൽ നിന്നുള്ള മാലിന്യം സമീപത്തെ കിണറുകളും തോടുകളും മലിനമാക്കുന്നതായി പരാതി ഉയർന്നു. നഗരത്തിലെ ഗതാഗതനിയന്ത്രണം സുഗമമാക്കുന്നതിന് സുരേഷ് കുറുപ്പ് എം.എൽ.എ യുടെയും കളക്‌ടറുടെയും നേതൃത്വത്തിൽ കളക്‌ടറേറ്റിൽ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നവംബർ 1 ന് തന്നെ നടപ്പിലാക്കും.

യോഗത്തിലെ തീരുമാനങ്ങൾ

വ്യാപാരസ്ഥാപനങ്ങൾ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നിതിൽ നിയന്ത്രണം ഏർപ്പെടുത്തും

വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നഗരസഭാ ലൈസൻസ് കർശനമാക്കും

ഭക്ഷണത്തിന്റെ അളവിലും തൂക്കത്തിലും വിലയിലും നിയന്ത്രണം ഏർപ്പെടുത്തും

വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തും