കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താത്തതിൽ വരണാധികാരി ഇലക്‌ട്രിക്കൽ ഇസ്‌പെക്‌ട‌ർ ജെയിംസ്‌കുട്ടി തോമസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് ചെയ്‌തു. സെപ്തംബർ 22 നായിരുന്നു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. ആഗസ്റ്റ് 30നാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് സി.പി.എം നോമിനിയായ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായത്. തിരഞ്ഞെടുപ്പ് അറിയിപ്പ് പുറത്തിറക്കാൻ ഇ-മെയിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു വരണാധികാരിയുടെ വാദം. ഇതു മൂലം പഞ്ചായത്ത് അംഗങ്ങൾക്ക് തിരഞ്ഞെടുപ്പ് നോട്ടീസ് നൽകാനുമായില്ല. ഇതോടെ തിരഞ്ഞെടുപ്പ് നടത്താനായില്ല. സി.പി.എമ്മും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാരോപിച്ച് കോൺഗ്രസ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇ-മെയിൽ വിലാസം പ്രവർത്തനക്ഷമമല്ലെന്നും മറ്റൊരു ഇ-മെയിൽ ഐഡി ഉപയോഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് അറിയിപ്പ് ലഭിക്കാതെ പോയതെന്നുമായിരുന്നു വരണാധികാരിയുടെ വാദം. എന്നാൽ, വിവരാവകാശം അനുസരിച്ചു കോൺഗ്രസ് ശേഖരിച്ച രേഖകൾ ഇത് തെറ്റാണെന്നു തെളിയിച്ചു. പ്രവർത്തനക്ഷമമല്ലെന്നു വരണാധികാരി പറയുന്ന ഇ-മെയിലിലേയ്‌ക്കാണ് കളക്ടറുടെ ഓഫീസിൽ നിന്നു വിജ്‌ഞാപനം അയച്ചത്. മെയിൽ ട്രാക്ക് സംവിധാനം വഴി പരിശോധിച്ചപ്പോൾ വരണാധികാരി മെയിൽ കണ്ടതായും ഉറപ്പാക്കി. ഈ റിപ്പോ‌ർട്ടും, ഉദ്യോഗസ്ഥനു വീഴ്‌ച വന്നതായി കളക്‌ടർ കണ്ടെത്തിയ റിപ്പോ‌ർട്ടും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ ഹാജരാക്കി. തുടർന്നാണ് താക്കീത് ചെയ്യാൻ തീരുമാനിച്ചത്. മുടങ്ങിയ തിരഞ്ഞെടുപ്പ് 25 ന് നടക്കും.