വൈക്കം: മഹാദേവ ക്ഷേത്രത്തിലേയും ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേയും കൊടിക്കൂറയുടെ നിർമ്മാണം ആരംഭിച്ചു. ഉദയനാപുരം, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷം വ്രതാനുഷ്ടാനങ്ങളോടെയാണ് ചെങ്ങന്നൂർ ആലത്തൂർ മുണ്ടൻകാവ് പാണം പറമ്പിൽ കെ.ജി സാജൻ കൊടികൂറയുടെ നിർമ്മാണം തുടങ്ങിയത്.
വെൽവെറ്റ്, പട്ടുതുണി, ക്യാൻവാസ് , ലൈസുകൾ കമ്പിളി തോലുകൊണ്ടുള്ള കിന്നരി എന്നിവ കൊണ്ടാണ് കൊടിക്കൂറ നിർമ്മിക്കുന്നത് . കൊടിക്കൂറയ്ക്ക് രണ്ടര മീറ്ററാണ് നീളം.വൈക്കത്തെ കൊടിക്കൂറയിൽ നാല് കാളാഞ്ചി , രണ്ട് വീതം ചന്ദ്രക്കല വലിയ കുമിള ,തൃക്കണ്ണ്, ഓട്ടുമണി, മാൻ, നന്ദികേശൻ എന്നിവ ആലേഖനം ചെയ്യും .ഉദയനാപുരത്തെ
കൊടിക്കൂറയിൽ അഷ്ട ദളങ്ങളിൽ തമിഴിൽ ഓം എന്ന അക്ഷരവും വേലും ഉണ്ടാവും.വെള്ളിമണി, നാല് കാളാഞ്ചി എന്നിവയും ആലേഖനം ചെയ്യും. ഏഴ് വർണ്ണങ്ങൾ മൂന്ന് തവണ ആവർത്തിച്ച് ഇരുപത്തിയൊന്ന് കോളമായാണ് കൊടിക്കൂറ പൂർത്തിയാക്കുന്നത്. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റിന് മുൻപ് കൊടിക്കൂറകൾ ഇരു ക്ഷേത്രത്തിലും സമർപ്പിക്കും .ഉദയനാപുരത്തെ തൃക്കാർത്തിക മഹോത്സവം നവംബർ 15നും വൈക്കത്തഷ്ടമി 19നുമാണ് കൊടിയേറുക.