കോട്ടയം: സാമ്പത്തിക വർഷം തുടങ്ങിയപ്പോൾ പദ്ധതി സമർപ്പണത്തിൽ മിന്നിയ ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പ്രളയത്തിന്റെ പേര് പറഞ്ഞ് പദ്ധതി നി‌ർവഹണത്തിൽ ഉഴപ്പുന്നു. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും അമ്പത് ശതമാനം പോലും ഫണ്ട് വിനിയോഗിച്ചിട്ടില്ല. അതേസമയം പ്രളയം ബാധിച്ച പല തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നിർവഹണത്തിൽ മുന്നിലാണ്.

സാമ്പത്തികവർഷം തീരാൻ ആറു മാസം ശേഷിക്കേ 32.66 ശതമാനം തുകയാണ് ജില്ല ഇതുവരെ വിനിയോഗിച്ചത്. സംസ്ഥാനത്ത് ഒമ്പതാം സ്ഥാനമാണ് ജില്ലയ്ക്ക്. പ്രളയ പ്രവർത്തനങ്ങളുടെ ഭാഗമായി ടെൻഡർ, കരാർ നടപടികൾ വൈകിയെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. കറുകച്ചാൽ പഞ്ചായത്താണ് പദ്ധതി നിർവഹണത്തിൽ മുന്നിൽ. പ്രളയം ബാധിച്ച കുമരകം, തിരുവാർപ്പ്, ഉദയനാപുരം പഞ്ചായത്തുകളും തീരെ താഴെയല്ല. പക്ഷേ, ഒരു തരത്തിലും പ്രളയം ബാധിക്കാത്ത കൂരോപ്പട പഞ്ചായത്താണ് ഏറ്റവും പിന്നിൽ. കിടങ്ങൂർ, കുറിച്ചി പഞ്ചായത്തുകളും പിന്നിലാണ്.

കറുകച്ചാൽ ഒഴികെ ഒരു പഞ്ചായത്തും ഒറ്റ നഗരസഭയും ബ്ളോക്ക് പഞ്ചായത്തും അമ്പത് ശതമാനത്തിന് മുകളിൽ പണം ചെലവഴിച്ചിട്ടില്ല. കഞ്ഞിരപ്പള്ളി ബ്ളോക്കും ഈരാറ്റുപേട്ട നഗരസഭയും മുന്നിലും ഈരാറ്റുപേട്ട ബ്ളോക്കും വൈക്കം നഗരസഭയും ഏറ്റവും പിന്നിലമാണ്. പ്രളയം ബാധിച്ച കോട്ടയം, ചങ്ങനാശേരി നഗരസഭകൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് മൂന്നിൽ ഇടംപിടിച്ചപ്പോൾ പ്രളയം കാര്യമായി ബാധിക്കാത്ത പാലാ നഗരസഭ പിന്നിലാണ്.


പഞ്ചായത്തുകൾ

മുന്നിൽ (ശതമാനക്കണക്കിൽ)

കറുകച്ചാൽ: 55.93

രാമപുരം: 46.79

പൂഞ്ഞാർ: 45.48

പിന്നിൽ

കൂരോപ്പട: 18.14

കിടങ്ങൂർ: 21.61

കുറിച്ചി: 21.69


ബ്ളോക്ക് പഞ്ചായത്ത്

 മുന്നിൽ

കാഞ്ഞിരപ്പള്ളി: 46.18

ഉഴവൂർ: 44.92

ളാലം: 37.32

പിന്നിൽ

ഈരാറ്റുപേട്ട: 29.96

ഏറ്റുമാനൂർ:31.11

പള്ളം: 33.45

നഗരസഭകൾ

മുന്നിൽ

ഈരാറ്റുപേട്ട: 37.75

കോട്ടയം: 29.61

ചങ്ങനാശേരി: 26.21

പിന്നിൽ

വൈക്കം: 20.98

ഏറ്റുമാനൂർ: 25.1

പാലാ: 25.44