കോട്ടയം:ഒന്നരക്കോടിയിലേറെചെലവഴിച്ച ആദ്യ സിനിമ പുറത്തിറങ്ങും മുമ്പ് സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നൽക്കുന്ന എം.ജി സർവ്വകലാശാല കോടികൾ ചെലവഴിച്ച് രണ്ടാമത്തെ സിനിമ നിർമിക്കുന്നത് വിവാദത്തിൽ. എസ്.എം.ഇ അടക്കം വിവിധ വകുപ്പുകൾ മെഡിക്കൽ , സാങ്കേതിക സർവ്വകലാശാലകൾക്ക് വിട്ടു കൊടുത്തതോടെ വരുമാനം നിലക്കുകയും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പോലും പൂർണമായി നൽകാനാവാതെയും നിൽക്കെയാണ് തുടർച്ചയായ സിനിമാ നിർമ്മാണം.

കോട്ടയം ജില്ലയെ ജൈവ സാക്ഷരതയിൽ എത്തിക്കുന്നതിനാരംഭിച്ച ജൈവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ ചിത്രമായ 'സമക്ഷം' തിയേറ്റർ കിട്ടാതെ റിലീസ് നീളുകയാണ്. സർവകലാശാലയുടെ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടും ഈ സിനിമയ്ക്ക് ഒന്നരക്കോടിയിലേറെ ചെലവായി. നീലത്താമര ഫെയിം കൈലേഷ് , ഗായത്രീ കൃഷ്ണ എന്നിവരാണ് നായീകാനായകന്മാർ. 158 മിനിറ്റ് നീളുന്ന സിനിമ പ്രദർശിപ്പിക്കാൻ സ്വകാര്യ തിയേറ്ററുകൾ താത്പര്യം കാണിക്കുന്നില്ല. ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനാണ് ഇപ്പോൾ ശ്രമം.

പ്ലാൻ ഫണ്ട് കൊണ്ട് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനപ്പുറം മറ്റ് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഴുനീള സിനിമ നിർമിച്ച രാജ്യത്തെ ആദ്യ സർവലാശാലയെന്ന റെക്കാഡാണ് എം.ജി സർവ്വകലാശാലയ്ക്ക് മേന്മയായി പറയാനുള്ളത് .

ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ലഹരിമുക്ത ഭാരതമെന്ന ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സിനിമ 'ട്രിപ്പ്' നിർമിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല ക്രിയേഷൻസിന്റെ ബാനറിലുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് അൻവർ അബ്ദുള്ളയും എം.ആർ. ഉണ്ണിയുമാണ് .ജാസി ഗിഫ്റ്റിന്റേതാണ് സംഗീതം. എ. മുഹമ്മദ് ഛായാഗ്രഹണവും, റഫീഖ് അഹമ്മദ്,ഒ.വി.ഉഷ,കെ.ജയകുമാർ, അൻവർ അബ്ദുള്ള എന്നിവർ ഗാനരചനയും നിർവഹിക്കുന്നു. ഇന്ദ്രൻസ്, കെ.ടി.സി. അബ്ദുള്ള, പുതുമുഖങ്ങളായ ആര്യ രമേശ്, കല്ല്യാൺ ഖന്ന, റജിൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തും. താനൂർ, കണ്ണൂർ, പയ്യോളി, ചെറായി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം.