puthankayal

പുത്തൻകായലിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കണമെന്നാവശ്യം

വൈക്കം: ചീനവലകൾ, ഒപ്പം കണ്ണിന് കുളിർമ്മയായി ആമ്പൽപൂക്കൾ... പുത്തൻകായലിൽ വിസ്മയകാഴ്ചകൾ നിരവധി. പക്ഷേ ടൂറിസം ഭൂപടത്തിലേക്ക് എത്താൻ കടമ്പകൾ ഏറെയാണ്. പുത്തൻകായലിന്റെ വിനോദസഞ്ചാര സാദ്ധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. വെച്ചൂർ ആർപ്പൂക്കര വില്ലേജുകളിലായി പരന്നുകിടക്കുന്ന 762 ഏക്കർ വിസ്തൃതിയുള്ള മനുഷ്യ നിർമ്മിത ദ്വീപാണ് പുത്തൻകായൽ. ഇവിടുത്തെ കൃഷിഭൂമിയാണ് ഏറെ ആകർഷകം. സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ ഫാമുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. കായലിലൂടെ ഹൗസ് ബോട്ടിലും മറ്റും യാത്ര ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. എന്നാൽ വിനോദസഞ്ചാര സാധ്യകൾ ഏറെ ഉണ്ടായിട്ടും സർക്കാർ തലത്തിലുള്ള പദ്ധതികൾ പുത്തൻകായലിന് അന്യമാണ്.

വെല്ലുവിളികൾ ഏറെ

വിനോദ സഞ്ചാരികളുടെ മനം കവരുന്ന പുത്തൻകായലിന്റെ പല ഭാഗങ്ങളിൽ എക്കൽ കൂനകൾ രൂപപ്പെട്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കൈപ്പുഴയാർ, കവണാറ് എന്നീ ആറുകളിലൂടെ കായലിൽ എത്തുന്ന എക്കൽ അടിഞ്ഞ് പുത്തൻ കായലിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ ഒഴുക്ക് നിലച്ചസ്ഥിതിയിലാണ്. എക്കൽ കരയിലേക്ക് കോരി മാറ്റിയാൽ മേഖലയിലെ കർഷകർക്ക് ഗുണകരമാകും. ഇതിലൂടെ കായലിലെ നീരൊഴുക്ക് ശക്തിപ്പെടുത്താനും കഴിയും.

പുത്തൻകായൽ: 762 ഏക്കർ

സ്ഥിതി ചെയ്യുന്നത്: കുമരകം, പാതിരാമണൽ, തണ്ണീർമുക്കംബണ്ട് എന്നിവയ്ക്ക് മദ്ധ്യേ