കോട്ടയം: ഒളിത്താവളം നൽകിയില്ലെന്നാരോപിച്ച് ഗുണ്ട വീട് അടിച്ചു തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്‌തതായി പരാതി. വടവാതൂർ കൊച്ചുപറമ്പിൽ സെബാസ്റ്റ്യൻ ജേക്കബിന്റെ പിതാവ് ജേക്കബ് മത്തായി, ഭാര്യ ഓമന എന്നിവരെയാണ് നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടവാതൂരിലായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സെബാസ്റ്റ്യൻ രാത്രി ജോലിയ്‌ക്ക് പോയിരിക്കുകയായിരുന്നു. ഒളിവിൽ കഴിയാൻ വീട്ടിൽ സ്ഥലം നൽകണമെന്ന് നേരത്തെ സെബാസ്റ്റ്യനോട് ഗുണ്ട ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് വൈകിട്ട് വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ ഓമനയെയും, ജേക്കബ് മത്തായിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട് പൊലീസ് കേസെടുത്തു.