പാലാ: റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ ആതിഥേയരായ പാലായുടെ കുതിപ്പ്. 46 ഇനങ്ങൾ പൂർത്തിയായപ്പോൾ 79 പോയിന്റുമായി പാലാ സെന്റ് മേരീസ് സ്‌കൂളിന്റെ കരുത്തിലാണ് പാലാ വിദ്യാഭ്യാസ ജില്ല മുന്നേറുന്നത് . 65 പോയിന്റുമായി ചങ്ങനാശേരി വിദ്യാഭ്യാസ ജില്ലയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കാഞ്ഞിരപ്പള്ളിക്ക് 53 പോയിന്റുണ്ട്.
സ്‌കൂൾ വിഭാഗത്തിൽ എട്ടു സ്വർണവും അഞ്ചുവെള്ളിയും രണ്ടു വെങ്കലവുമായി 57 പോയിന്റുമായി പാലാ സെന്റ് മേരീസ് സ്‌കൂളും ഏഴു സ്വർണവും ആറുവെള്ളിയും നാലു വെങ്കലവുമായി 57 പോയിന്റുമായി ചങ്ങനാശേരി കുറമ്പനാടം സെന്റ് പീറ്റേഴ്‌സും ഒപ്പത്തിനൊപ്പമാണ്. മൂന്നു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി 23 പോയിന്റോടെ കോട്ടയം എംഡി സ്‌കൂളാണ് രണ്ടാമത്.
ആദ്യ ദിനത്തിൽ രണ്ടു മീറ്റ് റെക്കാഡുകൾ പിറന്നു. ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ഭരണങ്ങാനം സ്‌പോർട്ട്സ് ഹോസ്റ്റലിലെ ആൻ റോസ് ടോമി റെക്കാഡിട്ടു. 15.23 എന്ന നിലവിലെ റെക്കാഡ് 14.7 ആയി തിരുത്തി. ജൂനിയർ ഗേൾസ് 1500 മീറ്ററിൽ പാലാ സെന്റ് മേരീസിലെ ആഗ്നസ് മെറിൻ ഷാജിക്കാണ് രണ്ടാമത്തെ റെക്കാഡ്. 5.80 സെക്കൻഡ് എന്നത് 5.18.78 സെക്കൻഡാക്കി തിരുത്തി. ത്രോ,ജംപ് ഇനങ്ങളിലെ ഇന്നലത്തെ മത്സരങ്ങൾ മുഴുവൻ പൂർത്തിയായില്ല. ഇന്നു രാവിലെ 6.30ന് 3000 മീറ്റർ ക്രോസ് കൺട്രി മത്സരം നടക്കും. 7.30ന് 3000മീറ്ററോടെ രണ്ടാം ദിനത്തിലെ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം മത്സരങ്ങൾ സമാപിക്കും.