മണിമല: പൊന്തൻപുഴ വനഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ പുന:പരിശോധനാ ഹർജിയും തള്ളിയതോടെ ആശങ്കയിലാണ് വനാതിർത്തിയിൽ പട്ടയമില്ലാതെ കഴിയുന്ന 1200 കുടുംബങ്ങൾ. കോട്ടയം-പത്തനംതിട്ട ജില്ലകൾ അതിരിടുന്ന പൊന്തൻപുഴ വനഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാർ വിജ്ഞാപനം റദ്ദാക്കിയതിനെതിരെ നൽകിയ പുന:പരിശോധനാ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ വനഭൂമിക്ക് അവകാശ വാദമുന്നയിച്ച് നിയമ യുദ്ധത്തിനിറങ്ങിയ 283 കുടുംബങ്ങൾക്ക് കൂടുതൽ കരുത്തായി.

മണിമല, പെരുമ്പെട്ടി വില്ലേജുകളിലായി 1200 കുടുംബങ്ങളാണ് പട്ടയമില്ലാതെ കഴിയുന്നത്. പട്ടയം വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ഭൂമിയിലും സ്വകാര്യ വ്യക്തികൾ അവകാശ വാദം ഉന്നയിച്ചാൽ തെരുവിലിറങ്ങേണ്ടിവരുമെന്ന ആശങ്കയാണ് എല്ലാവർക്കും.

 37 വർഷത്തെ കേസ്

എഴുമറ്റൂർ രാജകുടുംബത്തിൽ നിന്ന് ലഭിച്ച ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ എന്നിവിടങ്ങളിലെ ഭൂമിയിൽ അവകാശം ഉണ്ടെന്നും സർക്കാരിന് തിരുവിതാംകൂർ വനനിയമ പ്രകാരം നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാൻ കഴില്ലെന്നും ചൂണ്ടിക്കാട്ടി 283 കുടുംബങ്ങൾ 37 വർഷം മുൻപ് പരാതി നൽകി. ഇത് പരിഗണിച്ച എറണാകുളം ജില്ലാ കോടതി നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് വിധിച്ചു. 1976ലെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി സർക്കാരിന് എതിരായിരുന്നു. വിജ്ഞാപനം റദ്ദ് ചെയ്ത വിധിക്കെതിരെ നൽകിയ റിവിഷൻ ഹർജിയാണ് കോടതി കഴിഞ്ഞ ദിവസം തള്ളിയത്.

 നിരാശയിൽ സമര സമിതി

പെരുമ്പെട്ടിയിൽ 162 ദിവസമായി പൊന്തൻപുഴ വന സംരക്ഷണ സമിതി സമരത്തിലാണ്. ജനിച്ച മണ്ണിൽ നിന്നും കുടിയിറക്കപ്പെടാതിരിക്കാനും വനമേഖല നിലനിന്നുകാണാനുമാണ് പന്തൽകെട്ടിയുള്ള സമരത്തിന്റെ ലക്ഷ്യം. റിവിഷൻ ഹർജിയിലും സമര സമിതി കക്ഷി ചേർന്നെങ്കിലും ഇവരെല്ലാം തോൽവി പ്രതീക്ഷിച്ചതാണ്. വേണ്ടവിധം കാര്യങ്ങൾ സർക്കാർ കോടതിയെ ബോധിപ്പിച്ചില്ലെന്ന ആരോപണമാണ് സമര സമിതിക്കുള്ളത്.

സമരം തലസ്ഥാനത്തേയ്ക്ക്

'' റിവിഷൻ ഹർജി തള്ളാൻ കാരണം സർക്കാരിന്റെ അലംഭാവമാണ്. ഇന്ന് തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുമായി സമിതി പ്രവർത്തകർ കൂടിക്കാഴ്ച നടത്തും. സുപ്രീംകോടതിയെ സമീപിക്കാനുള്ള സാദ്ധ്യത പരിശോധിക്കുകയാണ്. മണിമല വില്ലേജ് ഓഫീസ്, കോട്ടയം, പത്തനംതിട്ട വനംവകുപ്പ് ഓഫീസുകൾ, കളക്ടേറേറ്റുകൾ എന്നിവിടങ്ങിളിലേയ്ക്ക് മാർച്ച് നടത്തും. അടുത്തമാസം സെക്രട്ടേറിയറ്റിലേയ്ക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം''

- സന്തോഷ് പെരുമ്പെട്ടി, (പൊന്തൻപുഴ വനം സംരക്ഷണ സമിതി)

പ്രതീക്ഷിച്ച വിധി

'' തുടർച്ചയായി സർക്കാരിന് കോടതികളിൽ നിന്ന് തിരിച്ചടിയുണ്ടാകുന്നുണ്ട്. ഡിവിഷൻ ബെഞ്ചിനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ല. റിവ്യൂ ഹർജിയിലും ഇത് തന്നെയാണുണ്ടായത്''

- പ്രൊഫ. റോണി കെ. ബേബി, ഭൂ സമരപ്രവർത്തകൻ