പാലാ: കേരളത്തിൽ വെറ്ററൻസ് നീന്തൽ മത്സരം ആരംഭിച്ചതിൽ പിന്നെ 50 മീറ്റർ ഫ്രീസ്റ്റൈയിലിൽ പ്രൊഫ. സെബാസ്റ്റ്യൻ കദളിക്കാട്ടിൽ സ്വർണ്ണം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. ഇത്തവണ വിശാഖപട്ടണത്ത് നടന്ന ദേശീയ നീന്തൽ മത്സരത്തിലും സെബാസ്റ്റ്യൻ വിജയം ആവർത്തിച്ചു. 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബട്ടർഫ്‌ളൈ എന്നീ ഇനങ്ങളിൽ പ്രൊഫ സ്വർണം നീന്തിയെടുത്തു. ഒപ്പം മാറ്റുകൂട്ടി 100 മീറ്റർ ഫ്രീസ്റ്റൈയിലിൽ വെള്ളി മെഡലും.
2010-ലാണ് വൃദ്ധജനങ്ങൾക്കായി കേരളത്തിൽ നീന്തൽ മാസ്റ്റേഴ്‌സ് മത്സരം ആരംഭിച്ചത്. പിന്നെയിങ്ങോട്ട് 50 മീറ്റർ ഫ്രീസ്റ്റൈയിലിലെ സ്വർണ്ണമെഡൽ ഹാരമായത് പ്രൊഫ. സെബാസ്റ്റ്യന്റെ കഴുത്തിൽ മാത്രം. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ദേശീയ മത്സരങ്ങൾ നടത്തുന്നത്.
പാലാ ളാലം തോട്ടിൽ നീന്തിക്കളിച്ചതിന്റെ ഓർമ്മകളുമായി 70-ാം വയസിലാണ് പ്രൊഫ. സെബാസ്റ്റ്യൻ കദളിക്കാട്ടിൽ ആദ്യമായി മത്സരത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ സ്വർണ്ണം ലഭിച്ചതോടെ പ്രൊഫ. സെബാസ്റ്റ്യന് ആവേശമായി. തുടർന്ന് പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ നിന്ന് ലഭിച്ച പത്തുദിവസത്തെ പരിശീലനത്തോടെ ബാംഗ്ലൂരിൽ നടന്ന എട്ടാമത് നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുത്തു. പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ പരേതയായ ശാന്തമ്മ കള്ളിവയലിൽ. ബിജു സെബാസ്റ്റ്യൻ, ഡോ. ജയിംസ് ബാബു, ഡോ. തോമസ് ലി, മാത്യു സെബാസ്റ്റ്യൻ, സുനീത സെബാസ്റ്റ്യൻ എന്നിവരാണ് മക്കൾ.