കോട്ടയം: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് ചിറത്തറ വീട്ടിൽ ശ്യാ(കുട്ടാലു 24)മിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ നാഗമ്പടത്തിന് സമീപമായിരുന്നു അപകടം. കോട്ടയം കരിപ്പുംതട്ട് റൂട്ടിൽ സർവിസ് നടത്തുന്ന തുഷാര ബസിന്റെ ചില്ലാണ് ഇയാൾ എറിഞ്ഞു തകർത്തത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ നിന്നാണ് ശ്യാം ബസിൽ കയറിയത്. ബസിനുള്ളിൽ ബഹളം വച്ചതായി യാത്രക്കാർ പരാതി പറഞ്ഞതിനെ തുടർന്ന് ഇയാളെ കണ്ടക്ടർ ഇറക്കിവിട്ടിരുന്നു. തുടർന്ന് ബസിനു പിന്നാലെ ബൈക്കിൽ വന്ന പ്രതി നാഗമ്പടം ഭാഗത്ത് വച്ച് ബസ് തടഞ്ഞു നിറുത്തി ചില്ല് എറിഞ്ഞു തകർക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തും മുൻപ് ഇതേ ബൈക്കിൽ തന്നെ ഇയാൾ രക്ഷപെട്ടു. അൽപ സമയത്തിനു ശേഷം മറ്റൊരു ബൈക്കിൽ നാഗമ്പടത്തു കൂടി യാത്ര ചെയ്യുകയായിരുന്ന പ്രതിയെ കണ്ട ബസ് ജീവനക്കാർ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശ്യാമിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.