photo
നിർമ്മാണം ആരംഭിച്ച മണർകാട് ഐരാറ്റുനട റോഡ്

മണർകാട്: പ്രളയത്തിൽ തകർന്ന മണർകാട് ഐരാറ്റുനട റോഡിന് ഒടുവിൽ പുതുജീവൻ. മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിൽ റോഡ് നവീകരണം ആരംഭിച്ചു. യാത്രാദുരിതം ചൂണ്ടികാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് അടിയന്തരനടപടി. പ്രളയത്തിൽ ഐരാറ്റുനടപാലത്തിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് വടംകെട്ടി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമായിരുന്നു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. മണ്ഡലകാലത്ത് ആയിരകണക്കിന് യാത്രക്കാരാണ് ഈ വഴി കടന്നുപോയിരുന്നത്. ശബരിമല സീസണിന് മുമ്പ് റോഡ് നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം റോഡിൽ വിള്ളൽ ഉണ്ടായ ഭാഗത്തിനോട് ചേർന്നുള്ള ട്രാൻസ്‌ഫോമർ യാത്രക്കാർക്ക് ഭീഷണിയാണ്.ഇത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.