വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകളിലൊന്നായ മുഖസന്ധ്യ വേല ആരംഭിച്ചു. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ അവസാനിക്കുന്ന രീതിയിൽ നാലു ദിവസം തുടർച്ചയായി നടക്കുന്ന മുഖസന്ധ്യ വേല 27ന് സമാപിക്കും. എറ്റുമാനൂർ തെക്കുംകൂർ അമ്പലപ്പുഴ തിരുവല്ല എന്നി നാട്ടുരാജാക്കൻമാർ നടത്തിവന്നിരുന്ന മുഖ സന്ധ്യ വേല ഇപ്പോൾ ദേവസ്വം നേരിട്ടാണ് നടത്തി വരുന്നത്. രാവിലെയും വൈകിട്ടും ആന പുറത്തെഴുനള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക്, അഭിഷേകങ്ങൾ എന്നിവയാണ് മുഖസന്ധ്യ വേലയുടെ ചടങ്ങുകൾ. സമൂഹ സന്ധ്യ വേല നവംബർ 13ന് ആരംഭിക്കും. ഒറ്റപ്പണം സമർപ്പിക്കൽ ചടങ്ങും ആന്ന് നടക്കും. 15ന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യ വേല 17ന് തമിഴ് വിശ്വ ബ്രമ്മ സമാജത്തിന്റെ സന്ധ്യ വേലയും ആണ്.18ന് വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണം സമർപ്പിക്കലും നടക്കുന്നതോടെ സമൂഹങ്ങളുടെ സന്ധ്യവേല സമാപിക്കും. അഷ്ടമി നവംബർ 19 ന് കൊടികയറി ഡിസംബർ 1ന് ആറാട്ടോടെ സമാപിക്കും. വൈക്കത്തഷ്ടമി നവംബർ 30 നാണ്.