കോട്ടയം: ഫണ്ട് നൽകാൻ സർക്കാർ തയ്യാറായിട്ടും സ്ഥലം കണ്ടെത്തി നൽകാതെ തദ്ദേശ സ്ഥാപനങ്ങൾ മുഖം തിരിച്ചതോടെ ജില്ലയിലെ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ ത്രിശങ്കുവിലായി. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്ന് സ്വകാര്യ ഏജൻസികൾ ശേഖരിക്കുന്ന കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാൻ സ്ഥലം കണ്ടെത്തി നൽകണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ട് നാളുകളായി. എന്നാൽ ഇതുവരെ ഒരു പഞ്ചായത്തും നഗരസഭയും സ്ഥലം നൽകാൻ തയാറായിട്ടില്ല. ഇതിന്റെ മറപറ്റി സ്വകാര്യ ഏജൻസികൾ പാടത്തും പറമ്പിലും മാലിന്യം തള്ളുകയാണ്.

എരുമേലിയിൽ സംസ്‌കരണ പ്ലാന്റുണ്ടെങ്കിലും അത് ദേവസ്വം ബോർഡിന്റേതായതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഏറ്റെടുക്കില്ല. പുതിയൊരു സ്ഥലം കണ്ടെത്തുന്നതുവരെ എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിക്ഷേപിക്കാൻ സ്വകാര്യ ഏജൻസികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും യാത്രാദൂരം കാരണം അവരതിനു മുതിരുന്നില്ല.

രാത്രികാലങ്ങളിൽ ലോറികളിലും മറ്റും എത്തിച്ച് മാലിന്യം കിഴക്കൻ മേഖലകളിലെ ഒറ്റപ്പെട്ട റബർ തോട്ടങ്ങളിലും പടിഞ്ഞാറൻമേഖലകളിലെ പാടശേഖരങ്ങളിലുമാണ് തള്ളുന്നത്. അസഹ്യമായ ദുർഗന്ധം കാരണം പുലർച്ചെ റബർ തോട്ടങ്ങളിലേക്ക് കയറി ചെല്ലാൻ കഴിയാത്ത അവസ്ഥയാണെന്ന് മലയോരമേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു. പൊലീസ് സ്റ്റേഷനുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകൽ കന്നുകാലികളെയും മറ്റും മേയ്‌ക്കാനിറങ്ങുന്ന കർഷകർക്ക് ദുർഗന്ധം കാരണം പാടശേഖരങ്ങളുടെ പരിസരത്ത് പോലും അടുക്കാൻ കഴിയുന്നില്ല. പാടശേഖരങ്ങളിൽ നടത്താറുള്ള ജൈവപച്ചക്കറി കൃഷി പോലും പലരും നിർത്തിവെച്ചിരിക്കുകയാണ്.

''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തി നൽകിയെങ്കിൽ മാത്രമെ ആക്‌ഷൻ പ്ലാൻ തയാറാക്കാൻ ശുചിത്വമിഷന് കഴിയൂ. എന്നാൽ എല്ലാർക്കും തണുത്ത സമീപനമാണ്.

.'' ഫിലിപ്പ് ജോസഫ് (ശുചിത്വമിഷൻ കോ-ഒാർഡിനേറ്റർ )

''ഈരയിൽക്കടവ് പാടശേഖരത്തിന് അപ്പുറത്തെ മുപ്പായിക്കാട് തോടിനെയാണ് വെള്ളത്തിനായി നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്നത്. എന്നാൽ പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളാൻ തുടങ്ങിയതോടെ വെള്ളംകുടി മുട്ടി. പരാതി കൊടുത്താലും ആരും ഇടപെടില്ല. ''

അജീഷ് (ഈരയിൽക്കടവ്)

''