കോട്ടയം: മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ റോഡരികിൽ പൂന്തോട്ടവും, സി.സി.ടി.വി കാമറയും സ്ഥാപിച്ചിട്ടും രക്ഷയില്ല. പൂന്തോട്ടം സ്ഥാപിച്ചതിന് തൊട്ടരികിൽ തന്നെ മാലിന്യം തള്ളി നാട്ടുകാർ മാതൃക കാട്ടി. തിരുനക്കര പുത്തനങ്ങാടി റോഡിലാണ് പ്ലാസ്റ്റിക്ക് കവറിൽ കെട്ടി മാലിന്യം വ്യാപകമായി തള്ളുന്നത്. നേരത്തെ നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ തുമ്പൂർമുഴി മാതൃകയിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിച്ചിരുന്നു. എതിർപ്പിനെ തുടർന്ന് പിന്നീട് പ്ലാന്റ് മാറ്റി. രൂക്ഷമായ ദുർഗന്ധവും, മാലിന്യം റോഡിൽ പടർന്നൊഴുകയും ചെയ്‌തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്ന് വാർഡ് കൗൺസിലർ അനുഷ കൃഷ്‌ണന്റെ നേതൃത്വത്തിൽ ഇവിടം ശുചീകരിച്ചു ചെടിച്ചട്ടിയും, സി.സി.ടി.വി കാമറയും സ്ഥാപിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫ്ളക്സ് ബോ‌ർഡും വച്ചു. എന്നിട്ടും മാലിന്യം തള്ളുന്നവർ പിന്മാറാൻ ഒരുക്കമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ടൺകണക്കിന് മാലിന്യമാണ് തള്ളിയത്. നഗരസഭ ജീവനക്കാർ മാലിന്യം ശേഖരിച്ച് മാറ്റി നിമിഷങ്ങൾക്കകം വീണ്ടും മാലിന്യം തള്ളും. വരും ദിവസങ്ങളിൽ മാലിന്യം തള്ളിയാൽ കാമറ പരിശോധിച്ച് കേസ് അടക്കമുള്ള നടപടികളിലേയ്‌ക്ക് കടക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.