കോൺഗ്രസും ബി.ജെ.പിയും ബി.ഡി.ജെ.എസും വിട്ടു നിന്നു

കോട്ടയം: കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തോടെ രാഷ്ട്രീയ നാടകത്തിന് വേദിയായ പനച്ചിക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനാൽ വീണ്ടും മുടങ്ങി. വരണാധികാരിയെ നീക്കണമെന്നാവശ്യപ്പെട്ട് 9 കോൺഗ്രസ് അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് ഇന്നലെ തിരഞ്ഞെടുപ്പ് മുടങ്ങിയത്. പാർട്ടി തീരുമാന പ്രകാരം മൂന്ന് ബി.ജെ.പി അംഗങ്ങളും ബി.ഡി.ജെ.എസ് അംഗവും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
ഇടതുമുന്നണി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ഇ.ആർ സുനിൽകുമാറിനെയും, വൈസ് പ്രസിഡന്റ് അനില ബിജുവിനെയും കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ആഗസ്റ്റ് 30 നാണ് പുറത്താക്കിയത്. തുടർന്ന് സെപ്തംബർ 22 ന് തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ തീരുമാനിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ-മെയിൽ കൃത്യസമയത്ത് ലഭിച്ചില്ലെന്ന് വരണാധികാരിയായ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ ജെയിംസ് കുട്ടി അറിയിച്ചതോടെ തിരഞ്ഞെടുപ്പ് മുടങ്ങി. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് ചെയ്യുകയും വീണ്ടും പുതിയ തീയതി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്നലെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും മുൻപെ ബി.ജെ.പിയും ബി.ഡി.ജെ.എസും വിട്ടു നിൽക്കുകയാണെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്. സി.പി.എമ്മിനൊപ്പം നിന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ച വരണാധികാരിയെ മാറ്റാതെ തിരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ന് ക്വാറം തികഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

കക്ഷിനില
സി.പി.എം : 8
സി.പി.ഐ : 2
കോൺഗ്രസ് : 9
ബി.ജെ.പി : 2
ബി.ഡി.ജെ.എസ് : 1
ആകെ : 22