കോട്ടയം: സ്‌കൂൾ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ടിപ്പർ ഡ്രൈവർ ചെങ്ങളം പാലത്തറ ഹൗസിൽ രാജേഷ് (37), ഇല്ലിക്കൽ കുറ്റിക്കൽ അജ്മൽ ഹാരീസിന്റെ ഭാര്യയും അദ്ധ്യാപികയുമായ റെസീന (30) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, റെസീനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറും പുതുപ്പള്ളി സ്വദേശിയുമായ അശോകൻ (62), കുമരകം സ്വദേശി മിനി (47), വെച്ചൂർ സ്വദേശി രാജേന്ദ്രപ്രസാദ് (23), കിളിരൂർ സ്വദേശി പ്രസീജ (35), കുമരകം സ്വദേശി ശ്രീലക്ഷ്മി (23), കുമരകം സ്വദേശി അൻവിൻ (17) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ വിട്ടയച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ താഴത്തങ്ങാടിയ്ക്ക് സമീപം പാറപ്പാടത്താണ് അപകടമുണ്ടായത്. പയ്യപ്പാടി ജിസാറ്റ് സ്‌കൂളിന്റെ ബസിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇല്ലിക്കൽ ഭാഗത്തു നിന്ന് എം.സാന്റുമായി കുമരകത്തേയ്ക്ക് പോവുകയായിരുന്നു ടിപ്പർ. അപകടത്തെത്തുടർന്ന് ബസിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന റെസീന റോഡിലേയ്ക്ക് തെറിച്ചു വീണു. അഗ്നിരക്ഷാസേന കട്ടർ ഉപയോഗിച്ച് ടിപ്പർ ലോറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.