കോട്ടയം: വിശ്വാസികൾക്കെതിരെ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ പൊലീസ് നടപടികളുമായി സർക്കാർ നീങ്ങുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. സമാധാനപരമായി പ്രതികരിക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസ് പതാകദിനമായ 31ന് ക്ഷേത്രങ്ങളിൽ വഴിപാടും കരയോഗങ്ങളിൽ വിശ്വാസ സംരക്ഷണ നാമജപവും നടത്തും. ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എതിരായ നിലപാട് അധാർമികവും ജനാധിപത്യ വിരുദ്ധവുമാണ്. കോടതി വിധിയുടെ പേരിലാണ് നടപടിയെന്നാണ് പറയുന്നത്. എന്നാൽ വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുമ്പോൾ റിവ്യൂ ഹർജി നൽകാനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്താനോ സർക്കാർ തയ്യാറാകുന്നില്ല. ദേവസ്വം ബോർഡിനെ അതിന് അനുവദിക്കുന്നുമില്ല. പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിച്ചത് കോടിക്കണക്കിന് വിശ്വാസികളുടെ മനസിനെ മുറിവേല്പിച്ചെന്നും അദ്ദേഹം പറഞ്ഞു.