കോട്ടയം: പ്രളയത്തിൽ വിത്തു നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസം. കൃഷി ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചതിനിടെ വിത്തെത്തി. ഇനി പ്രളയം കവർന്നതെല്ലാം ഇക്കുറി പാടം തിരികെ തരുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.

കൃഷിവകുപ്പ് നേരിട്ടാണ് കർഷകർക്ക് സൗജന്യമായി വിത്ത് നൽകുന്നത്. വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ കർഷകർ. അടുത്ത മാസമാദ്യം വിത പൂർത്തിയാക്കും വിധം 31നകം വിത്ത് വിതരണം ചെയ്യാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പാലക്കാട്, തൃശൂർ, ബാംഗ്ളൂർ എന്നിവിടങ്ങിളൽ നിന്നാണ് കോട്ടയത്തേയ്ക്കുള്ള വിത്ത് എത്തിക്കുന്നത്. നാഷണൽ സീഡ്സ് കോർപ്പറേഷൻ, കേരള സീഡ്സ് കോർപ്പറേഷൻ എന്നിവയാണ് ഉമ, ജ്യോതി ഇനങ്ങളിലുള്ള വിത്ത് നൽകുന്നത്.

അപ്പർകുട്ടനാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിലായി ജില്ലയിൽ 17,000 ഹെക്ടറിലാണ് ജില്ലയിൽ നെൽകൃഷി ചെയ്യുന്നത്. ഇവിടങ്ങളിലേയ്ക്ക് 1164 ടൺ വിത്ത് വേണം. ഇനി 260 ടൺകൂടി ലഭിച്ചാൽ മതി. മണർകാട്, നാട്ടകം മേഖലകളിൽ നദീപുനർ സംയോജനത്തിന്റെ ഭാഗമായി കൂടുതൽപ്പേർ കൃഷി ചെയ്യാൻ തയ്യാറായി വന്നപ്പോഴാണ് വിത്ത് ക്ഷാമം വെല്ലുവിളിയായത്. കര,കായൽ പാടങ്ങളിലെല്ലാം കൃഷി ചെയ്യുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും വിത്ത് വിതരണം പൂർത്തിയായി. ഇനി വെച്ചൂർ, അയ്മനം പഞ്ചായത്തുകളിലേയ്ക്ക് ആവശ്യമായ 260 ടൺ വിത്ത് രണ്ട് ദിവസത്തിനകം എത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നാട്ടകം, തുരുത്തി, മണർകാട്, വടവാതൂർ മേഖലകളിൽ വൈകി വിതച്ചാൽ മതിയെന്നാണ് കർഷകരുടെ തീരുമാനം.

വിതരണം പൂർത്തിയാക്കിയ പ്രദേശങ്ങൾ

കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, തലയാഴം

ജില്ലയ്ക്ക് ആവശ്യമായ നെൽവിത്ത്


ഉമ: 1084 ടൺ

ജ്യോതി: 80 ടൺ

ഉമ വിത്തിനാണ് കർഷകർ കൂടുതൽ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. പടിഞ്ഞാറൻ മേഖലകളിൽ വിത തുടങ്ങിക്കഴിഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാകും.

- റെജിമോൾ മാത്യു,​

പ്രിൻസിപ്പൽ കൃഷി ഓഫീസർ