കോട്ടയം: ജില്ലയിൽ നിന്ന് ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ച മീൻ സാമ്പിളുകളിൽ ഫോർമാലിനില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. വീട്ടമ്മയുടെ മോതിരത്തിന്റെ നിറംമാറിയതായി പരാതി ഉയർന്നതിനെ തുടർന്ന് പുതുപ്പള്ളിയിൽ നിന്നു ശേഖരിച്ച സാമ്പിളിലും പ്രശ്നമില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഫോർമാലിൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി മാർക്കറ്റുകളിൽ നിന്നായി 36 സാമ്പിളുകൾ ശേഖരിച്ചത്. മീൻ പിടിച്ചെടുക്കുമ്പോൾ തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ട്രിപ്പ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ, അന്നും ഫോർമാലിൻ കണ്ടെത്തിയില്ല. ഇത് ഉറപ്പിക്കുന്നതിനാണ് ലാബ് പരിശോധനയ്ക്കയച്ചത്.
ഫോർമാലിൻ
തമിഴ്‌നാട് മീനിൽ
തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന മീനിലാണ് ഫോർമാലിൻ കൂടുതലുള്ളതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിഗമനം.എന്നാൽ ഇത് രണ്ടു ശതമാനത്തിൽ താഴെ മാത്രമേ വരൂ. ആലപ്പുഴ, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള മീനുകളാണ് ഇവിടെ വിൽപ്പനയ്ക്കെത്തുന്നത്. അതിനാൽ ഒരു ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മീനുകൾ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു.