കോട്ടയം: പോളച്ചിറക്കാരുടെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് കേരളപ്പിറവി ദിനത്തിൽ പരിഹാരമാകും. 2009 ൽ ആരംഭിച്ച് പിന്നീട് വിവിധ കാരണങ്ങളാൽ ഇഴഞ്ഞു നീങ്ങിയ പോളച്ചിറ കുടിവെള്ള പദ്ധതി നവംബർ 1ന് ഉദ്ഘാടനം ചെയ്യും. നാട്ടകം പഞ്ചായത്തായിരുന്ന സമയത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് കോട്ടയം നഗരസഭ 25 ലക്ഷം രൂപ അനുവദിച്ച് കുഴൽ കിണർ, ഓവർ ഹെഡ് ടാങ്ക് , കുളം എന്നിവ കൂട്ടിയിണക്കി പദ്ധതി വിപുലീകരിച്ചു. വെള്ളം ശേഖരിച്ച് വിതരണം ചെയ്യാൻ പോളിച്ചിറയിൽ വരാച്ചേരിൽ പുരയിടം മാവേലിൽ പുരയിടം എന്നിവിടങ്ങളിൽ 5000 ലിറ്ററിന്റെ വീതം ടാങ്കും സ്ഥാപിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 32 വീടുകളിൽ കുടിവെള്ളം എത്തിച്ചിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പോളച്ചിറ റെയിൽവേഭാഗം, മിഷൻ പള്ളി , പാലംമൂട്, നാട്ടുവ എന്നിവിടങ്ങളിലെ 120 കുടുംബങ്ങളിൽ നവംബർ 1 മുതൽ വെള്ളം വിതരണം ചെയ്യും. നിലവിലുള്ള പാലമൂട് കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കുന്നതിനായി 2 ലക്ഷം രൂപ ചെലവഴിച്ച് കാവനാടി പാലത്തിന് സമീപത്തെ കുളം ആഴംകൂട്ടി വൃത്തിയാക്കി റിംഗ് ഇറക്കി മണൽ വിരിച്ചിട്ടുണ്ട്. കൂടാതെ സമീപത്ത് പുതിയ കുളവും നിർമ്മിച്ചു.


'' പോളച്ചിറ മേൽപ്പാല നിർമ്മാണം തുടങ്ങിയതോടെ നിരവധി പൈപ്പുലൈനുകൾക്ക് കേടുപാട് സംഭവിച്ചതും പദ്ധതി വൈകാൻ ഇടയാക്കി. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ''
കെ.കെ പ്രസാദ് (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)