കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുമായി സഹകരിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എത്തിക്കാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴു പഞ്ചായത്തുകളും പദ്ധതിയുമായി സഹകരിക്കുമെന്നായിരുന്നു തുടക്കത്തിലെ ധാരണ.എന്നാൽ കാഞ്ഞിരപ്പള്ളി പാറത്തോട് എന്നീ രണ്ടു പഞ്ചായത്തുകൾ മാത്രമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിക്കുന്നത്. മണിക്കൂറിൽ നൂറുകിലോ വരെ പ്ലാസ്റ്റിക് തരികളാക്കാൻ കഴിയുന്ന യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ഒക്ടോബർ 2 ന് ആരംഭിച്ച യൂണിറ്റിൽ ഇതുവരെ ആകെ പൊടിച്ചു തരികളാക്കിയത് 400 കിലോ പ്ലാസ്റ്റികാണ്. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 11 ലക്ഷം രൂപ മുടക്കിയാണ് ഷ്രെഡിംഗ് യൂണിറ്റും ബെയിലിംഗ് യൂണിറ്റും സ്ഥാപിച്ചത്.ഗ്രാമപഞ്ചായത്തുകൾ വാർഡുകൾ തോറും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഷ്രെഡിംഗ് യൂണിറ്റിലെത്തിച്ചാൽ പദ്ധതി വിജയകരമായി മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.