കോട്ടയം:മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കുമെന്നും അവിടെ ക്യാമ്പ് ചെയ്‌ത് യുവതീ പ്രവേശനത്തെ തടയാൻ എന്തെങ്കിലും ചെയ്യാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ശക്തമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിഷേധക്കാരുടെ തീപ്പൊരിയും പിപ്പിരിയും കണ്ട് ചൂളുന്ന സർക്കാരല്ല ഇപ്പോഴുള്ളത്. സ്‌ത്രീപ്രവേശന വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്താനാവില്ലെന്ന് സംഘപരിവാറിന് അറിയാം. അതിനാലാണ് അവർ ശബരിമലയെ കലാപഭൂമിയാക്കുന്നത്. അതിനായി സംസ്ഥാനത്തിന്റെ എല്ലാഭാഗത്തു നിന്നും പരിശീലനം നേടിയ ക്രിമിനലുകളെ സംഘപരിവാർ ശബരിമലയിൽ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അവകാശത്തിന്റെ പേരിൽ ചിലർ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ല മറിച്ച് ശക്തമായ നടപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യാഥാസ്ഥിതികർ എല്ലാക്കാലത്തും സാമൂഹിക പരിഷ്‌കരണത്തെ എതിർത്തിട്ടുണ്ട്. അനാചാരങ്ങളെ ചോദ്യം ചെയ്‌തവരാണ് ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ചട്ടമ്പി സ്വാമിയും അടങ്ങുന്നവർ. നായർ സ്ത്രീയിൽ നമ്പൂതിരിക്ക് ജനിക്കുന്ന കുട്ടിക്ക് പിതാവിനെ തൊടാനുള്ള അവകാശം പോലുമില്ലായിരുന്നു. ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെയല്ലേ മന്നത്തെപ്പോലുള്ളവർ രംഗത്ത് വന്നത്. നവോത്ഥാനത്തിന് എതിരായ നിലപാട് നമ്മുടെ തലമുറ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന കേരളമുണ്ടാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല വിധിയെ പറ്റി ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഒരുവിഭാഗം തെറ്റിദ്ധരിച്ചതുകൊണ്ട് നിലപാടിൽ നിന്ന് പിന്നോട്ട് പോകാനാവില്ല. കുറച്ചുപേർ ഒരിടത്ത് കൂടി എന്തെങ്കിലും കോപ്രായം കാണിച്ചാൽ ചൂളിപ്പോകുന്ന സർക്കാരല്ല ഇത്. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. സർക്കാരിനെതിരായ സമരമായി കാണേണ്ടതില്ല. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ടെന്നാണ് സർക്കാർ നിലപാട്. വിധി എന്തായാലും നടപ്പാക്കുമെന്ന് കോടതിയെ അറിയിച്ചതാണ്. ഭരണഘടനയ്‌ക്ക് മേലെയാണ് വിശ്വാസമെന്നും വിശ്വാസം അനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടതെന്നുമാണ് ബി.ജെ.പി ഇപ്പോൾ പറയുന്നത്. ബി.ജെ.പിക്ക് ആളെ കൂട്ടുന്ന പണിയാണ് കോൺഗ്രസ് നടത്തുന്നത്. ബി.ജെ.പിക്കൊപ്പം ഈ നിലപാട് സ്വീകരിച്ചാൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് യു.ഡി.എഫ് നേതാക്കൾ ചിന്തിക്കണം. സാധാരണ എല്ലാ കാര്യങ്ങളിലും കോൺഗ്രസ് നേതാക്കൾ ഭിന്നിച്ച നിലപാട് സ്വീകരിക്കുമ്പോൾ ഇക്കാര്യത്തിൽ എല്ലാ കോൺഗ്രസുകാർക്കും ഒരുനിലപാടാണ്. ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അപ്പുറത്ത് കാലെടുത്ത് വച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
ആയിരങ്ങൾ അണിനിരന്ന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.