കോട്ടയം: പുതുതലമുറ ആരോഗ്യമുളളവരായി വളരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ബാല സിനിമാതാരം മമിത ബൈജുവിന് വിരഗുളിക നൽകി ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.എം.എസ് സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനം, ഏകാഗ്രത, ഹാജർ എന്നിവ മാത്രമല്ല അവരുടെ ഭാവിയിലെ ഉപജീവന സാധ്യതയ്ക്കും വിരനശീകരണ ഗുളിക കഴിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ് സന്ദേശം നൽകി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ആർ സി എച്ച് ഓഫീസർ ഡോ: പി എൻ വിദ്യാധരൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സി ഷൈല കുമാരി, ഐസി ഡി എസ് പ്രോഗ്രാം ഓഫീസർ ആശാ മോൾ കെ വി . ഹെഡ്മാസ്റ്റർ ബിനോയ് പി ഈപ്പൻ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ജെ.ഡോമി, മെറ്റേണിറ്റി ആന്റ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഓമന എന്നിവർ പങ്കെടുത്തു. ജില്ലയിൽ 4,36,160 കുട്ടികൾക്ക് ഗുളിക നൽകും. എല്ലാ സ്‌കൂളുകളും അംഗൻവാടികളും വഴി ഒന്നു മുതൽ 19 വരെയുള്ളവർക്കാണ് ഗുളിക നൽകുക. ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. ഇന്നലെ ഗുളിക കഴിക്കാൻ സാധിക്കാത്തവർക്കായി നവംബർ 1ന് ഗുളിക വിതരണം ചെയ്യുമെന്ന് ഡി.എം.ഒ അറിയിച്ചു.