വൈക്കം:വൈക്കത്ത് വ്യാപക മാേഷണം. വെച്ചൂർ എൻ.എസ്.എസ് ഹൈസ്‌കൂളിൽ നിന്ന് പത്ത് ലാപ്ടോപ്പുകളും തലയാഴം സെന്റ് ലിറ്റിൽ ഫ്‌ളവർ പള്ളിയിലെ നേർച്ചകുറ്റിയിലെ പണവും സമീപത്തെ വീട്ടിൽ നിന്ന് ബൈക്കും കവർന്നു. കുരിശുപള്ളിയുടെ നേർച്ച കുറ്റി തകർക്കാനും ശ്രമം നടത്തി.ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ്‌ സംഭവം.

പള്ളിയുടെ സമീപത്ത് താമസിക്കുന്ന ചേലയ്ക്കപള്ളി സിബിച്ചൻ ജോസഫിന്റെ പോർച്ചിൽ വച്ചിരുന്ന മോട്ടോർ ബൈക്കാണ് മോഷണം പോയത്. സമീപത്തെ വീട്ടിലിരുന്ന ഉയരമുള്ള ഏണി കൊണ്ടുവന്നാണ് മോഷ്ടാക്കൾ സ്‌കൂൾ കെട്ടിടത്തിൽ കയറിയത്. മൺവെട്ടിക്ക് മച്ച് പൊളിച്ച് ഓഫീസ് മുറിക്കുള്ളിൽ കടന്ന മോഷ്ടാക്കൾ മേശപ്പുറത്തിരുന്ന മുറികളുടെ താക്കോലെടുത്താണ് കമ്പ്യൂട്ടർ ലാബും മറ്റും തുറന്നത്. താക്കോൽ കൂട്ടം മുറ്റത്ത് ഉപേക്ഷിച്ചു. കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്‌കൂളിലും പള്ളിയിലും പരിശോധന നടത്തി. പള്ളിയിലെ സി.സി.ടി കാമറയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വെള്ളമുണ്ടും ഷർട്ടും ധരിച്ച രണ്ടു പേർ പള്ളിയുടെ മതിൽ ചാടികടന്ന് വന്ന് തുണികൊണ്ടു കാമറ മറയ്ക്കാൻ ശ്രമിക്കുന്നതും നേർച്ചകുറ്റി തകർക്കുന്നതുമായ ദൃശ്യങ്ങളാണ് സി. സി. ടി.വിയിലുള്ളത്. മോഷ്ടാക്കൾ സ്ഥല പരിചയമുള്ളവരാണെന്നാണ് നിഗമനം. വൈക്കം ഡിവൈ.എസ് .പി കെ.സുഭാഷ്, എസ്.എച്ച്. ഒ എസ്.ബിനു, എസ്.ഐ രഞ്ജിത്ത് കെ.വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.