പാലാ : പാലായിൽ നിന്ന് ഉഴവൂർ റൂട്ടിൽ ഇടനാട് പാറത്തോട് വളവിലെത്തുമ്പോൾ ഒന്ന് ശ്രദ്ധിച്ചോണേ. വളവിന്റെ ഒത്ത നടുവിൽ റോഡിലുള്ള ഗർത്തം അപകടക്കെണിയൊരുക്കി കാത്തിരിപ്പുണ്ട്. അടുത്തെത്തുമ്പോഴേ കുഴി ശ്രദ്ധയിൽപ്പെടൂവെന്നതിനാൽ അപകടസാദ്ധ്യതയിരട്ടിയാക്കുന്നു.
റോഡിന്റെ പകുതിയോളം നീളുന്ന കുഴിയിൽ മഴക്കാലത്ത് ചെളിവെള്ളം കെട്ടിക്കിടക്കും. വഴിയറിയാതെ എത്തുന്ന വാഹന ഡ്രൈവർക്കാർക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർക്ക് ഇത് വാരിക്കുഴിയാണ്. പെട്ടുപോയാൽ അപകടം ഉറപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ട് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിയും നടക്കും. സ്വകാര്യബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഈ ചതിക്കുഴിയിലെ അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പി.ഡബ്ല്യു.ഡി അധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നല്കിയെങ്കിലും ഫലമുണ്ടായില്ല.
പാറത്തോട് ഭാഗത്തെ കുഴി എത്രയും വേഗം നികത്തണം. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളുടെ വിവരം സഹിതം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഉടൻ നിവേദനം നൽകും.
കെ.ആർ സൂരജ് പാലാ,എസ്.എൻ.ഡി.പി
യോഗം മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് കമ്മറ്റി