കുമരകം: വിനോദസഞ്ചാരകേന്ദ്രമായ കുമരകത്ത് നീരീക്ഷണ കാമറകൾ മിഴിയടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കവണാറ്റിൻകര ബോട്ട് ജെട്ടി, ഡി.ടി.പി.സി ഓഫീസ്, കെ.ടി.ഡി.സി യുടെ മുൻവശം, ചീപ്പുങ്കൽ ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കാമറകളാണ് കണ്ണടച്ചത്. കുമരകത്ത് വന്നുപോകുന്ന സഞ്ചാരികൾക്ക് വേണ്ട സുരക്ഷ ഒരുക്കാൻ കഴിയാതെ വന്നതോടെയാണ് ടൂറിസം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പൊലീസിനും ഇത് സഹായകമായി. ടൂറിസം എയ്ഡ് പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സി.സി.ടി.വി സ്ഥാപിച്ചിരുന്നത്. ഇവിടെ ഇരുന്നു 24 മണിക്കൂറും പൊലീസുകാർക്ക് വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ തത്സമയം കൈമാറാൻ കഴിയുമായിരുന്നു. അടുത്തമാസം ടൂറിസം സീസണിന് തുടക്കം കുറിക്കാനിരിക്കെയാണ് കാമറകൾ പുന:സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ നിസംഗത പുലർത്തുന്നത്.