കോട്ടയം: ദുരന്തങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നതിന് ജില്ലയിലെ സ്‌കൂളുകളിൽ സുരക്ഷാ പദ്ധതിയുമായി ദുരന്ത നിവാരണ അതോറിട്ടി. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ, ആശയവിനിമയം, അടിയന്തര രക്ഷാമാർഗങ്ങൾ,വൈകല്യം ബാധിച്ച കുട്ടികൾക്ക് പ്രത്യേക കരുതൽ, രക്ഷാ വാഹനങ്ങൾ, ദുരന്ത സമയത്ത് കുട്ടികളെ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതിനും താത്‌ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സംവിധാനങ്ങൾ തുടങ്ങിയവയാണ് സ്‌കൂളുകളിൽ ഒരുക്കുന്നത്. പ്രഥമശുശ്രൂഷയ്ക്കും കൗൺസലിംഗിനും സംവിധാനം ഒരുക്കും. ആദ്യഘട്ടമെന്ന നിലയ്ക്ക് ജില്ലയിലെ ആറ് സ്‌കൂളുകളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനവും ആരംഭിച്ചു. സ്‌കൂളുകളിൽ തയ്യാറാക്കുന്ന ദുരന്തനിവാരണ ആസൂത്രണ രേഖയിൽ സ്‌കൂൾ, വിദ്യാർത്ഥികൾ,ചുറ്റുപാട് ,ഓരോ സ്‌കൂളിനെയും ബാധിക്കാനിടയുള്ള ദുരന്തങ്ങൾ എന്നിവ രേഖപ്പെടുത്തണം. അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനായി എൻ.എസ്.എസ്, എൻ.സി.സി എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ വിദ്യാർത്ഥി സേനയെ സജ്ജമാക്കാനും നടപടി ആരംഭിച്ചു.
ജില്ലയിലെ 915 സ്‌കൂളുകളിൽ 51ലും പ്രളയകാലത്ത് വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കത്തെ അതീജിവിച്ച കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പ്രത്യേക പരീശീലനവും ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്.
വേണം ഈ സംവിധാനങ്ങൾ
: ക്ലാസ് മുറികളിൽ രണ്ട് വാതിലുകൾ
: ഭിന്നശേഷി സൗഹൃദമായ ക്ലാസ് മുറികൾ
: സുരക്ഷിതമായ സ്‌കൂൾ വാഹനങ്ങൾ
: തീപിടിത്തം നേരിടാനുള്ള സംവിധാനം
'' സ്വയംരക്ഷയ്ക്കായി യാതൊരു പരിശീലനവും ലഭിക്കാഞ്ഞതാണ് കഴിഞ്ഞ പ്രളയത്തിന്റെ ആഘാതം കൂടാൻ കാരണം. ദുരന്തനിവാരണത്തെ കുറിച്ചുള്ള അവബോധം കുട്ടികളിൽ നിന്നു തുടങ്ങണം. സാധാരണ അപകടങ്ങൾ മുതൽ പ്രകൃതി ദുരന്തം വരെ നേരിടാൻ പ്രാപ്തിയുള്ള തലമുറയെ വളർത്തിയെടുക്കകയാണ് ഈ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം. ''
സ്‌പെൻസർ (ജില്ലാ ദുരന്തനിവാരണ അതോറിട്ടി)