കോട്ടയം: രണ്ടു മാസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും ഇടതു മുന്നണി ഭരണം. കോൺഗ്രസും എൻ.ഡി.എയും വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇ.ആർ സുനിൽകുമാർ‌ പ്രസിഡന്റായും, സി.പി.ഐയിലെ അനില വിജു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ആഗസ്റ്റ് 30 നാണ് കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിലൂടെ ഇടതു മുന്നണിക്ക് ഭരണം നഷ്‌ടമായത്. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനായി കമ്മിറ്റി ചേർന്നെങ്കിലും കോൺഗ്രസ്, എൻ.‌ഡി.എ അംഗങ്ങൾ വിട്ടു നിന്നതിനാൻ കോറം തികഞ്ഞില്ല. ചട്ട പ്രകാരം തുടർച്ചയായി രണ്ടാം ദിവസവും കോറം തികഞ്ഞില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടത്താം . ഇതനുസരിച്ചാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഒൻപത് കോൺഗ്രസ് അംഗങ്ങളും മൂന്ന് ബി.ജെ.പി അംഗങ്ങളും, ഒരു ബി.ഡി.ജെ.എസ് അംഗവും വിട്ടു നിന്നു. ഇതോടെ എട്ട് അംഗങ്ങളുള്ള സി.പി.എമ്മും രണ്ട് അംഗങ്ങളുള്ള സി.പി.ഐയും മാത്രമായി. പ്രസിഡന്റും വൈസ് പ്രസിഡന്റും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സെപ്‌‌റ്റംബർ 22 ന് വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചെങ്കിലും ഇ-മെയിൽ കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ആരോപിച്ച് വരണാധികാരി പഞ്ചായത്ത് അംഗങ്ങൾക്ക് നോട്ടീസ് അയച്ചില്ല. തിരഞ്ഞെടുപ്പും മുടങ്ങി. വരണാധികാരിയെ ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് 25 ന് തിരഞ്ഞെടുപ്പു നടത്താൻ വിജ്ഞാപനമിറക്കിയത്.