raman-nair
raman nair

കോട്ടയം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ ബി.ജെ.പിയിൽ ചേരുന്ന കാര്യം ആലോചിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അഡ്വ.ജി.രാമൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. തന്നെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ദൃശ്യമാദ്ധ്യമങ്ങളിൽ കണ്ടു. എന്നാൽ എ.ഐ.സി.സി ,കെ.പി.സി.സി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ല.

പത്തനംതിട്ടയിൽ ബി.ജെ.പി നടത്തിയ നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് രാമൻ നായർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തതായി വാർത്ത വന്നത്. ഇതിനു പിന്നാലെയാണ് പാർട്ടി നിലപാടിനെയും നേതാക്കളെയും വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.

പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മാസങ്ങളെടുത്ത കെ.പി.സി.സി നേതൃത്വം നാമജപ യാത്ര ഉദ്ഘാടനം ചെയ്തു മണിക്കൂറുകൾക്കുള്ളിൽ വിശദീകരണം ചോദിക്കാതെ എന്നെ സസ് പെൻഡ് ചെയ്യുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പി സമരവുമായി തട്ടിച്ചു നോക്കിയാൽ കോൺഗ്രസിന്റെ സമരങ്ങൾ പരിഹാസ്യമാണ്- രാമൻ നായർ പറഞ്ഞു.