കോട്ടയം: രണ്ടു വർഷത്തിനുള്ളിൽ 101 സ്റ്റുഡന്റ്‌സ് സ്റ്റാർട്ടപ്പുകളെന്ന നേട്ടം കൈവരിച്ച് മഹാത്മാഗാന്ധി സർവകലാശാല. 2016ൽ സർവകലാശാല ആരംഭിച്ച ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്റർ വഴിയാണ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവസരമൊരുങ്ങിയത്. സംരംഭങ്ങൾക്ക് പുറമെ പേറ്റന്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സഹായവും ബി.ഐ.ഐ.സി. നൽകുന്നു. ഇതിനകം 14 പേറ്റന്റ് അപേക്ഷകൾ ലഭിച്ചു. നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ഗ്രീൻ ടെക്‌നോളജി എന്നീ മേഖലകളിലെയും സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് കീഴിൽ വരുന്ന ജൈവ കൃഷി, മാലിന്യനിർമാർജനം, ജലവിഭവ സംരക്ഷണം എന്നീ മേഖലകളിലെയും നവീനാശയങ്ങൾ വ്യാപിപ്പിക്കാൻ ബി.ഐ.ഐ.സി. വിദ്യാർഥികൾക്ക് അവസരം നൽകി.
സ്‌കൂൾ ഒഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ 40 വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് വിതരണോദ്ഘാടനം സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ബി.ഐ.ഐ.സി. ഡയറക്ടർ ഡോ. ആർ. ഗിരീഷ് കുമാർ, പ്രൊഫ. മാത്യു കുര്യൻ എന്നിവർ പ്രസംഗിച്ചു.